കൊച്ചി: ഐ.എസിനൊപ്പം ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തെന്ന കേസിലെ പ്രതി സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ്. കൊച്ചി എൻ.ഐ കോടതിയുടേതാണ് വിധി. മൂന്ന് കേസുകളിൽ ഓരോ ലക്ഷം രൂപ വീതം പിഴയടക്കണമെന്നും ഉത്തരവിലുണ്ട്. കേസിലെ ഏക പ്രതിയായ സുബ്ഹാനി കുറ്റക്കാരനാണെന്ന് പ്രത്യേക എൻ.ഐ.എ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഓരോ കേസിലും പ്രത്യേക ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. യു.എ.പി.എ 20 വകുപ്പിനാണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയും വിധിച്ചത്. ഗൂഢാലോചനക്ക് അഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏഷ്യൻ രാജ്യങ്ങളുമായി യുദ്ധം ചെയ്തതിന് ഐ.പി.സി 125 പ്രകാരം ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. യു.എ.പി.എ 38, 39 വകുപ്പുകൾക്ക് ഏഴ് വർഷം തടവും വിധിച്ചു. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യൻ ശക്തിക്കെതിരെ യുദ്ധം ചെയ്തെന്നാരോപിച്ച് ഇന്ത്യൻ ശിക്ഷ നിയമം 125 പ്രകാരം രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. ഐ.പി.സി 125ന് പുറമെ യു.എ.പി.എ 20 (ഭീകരവാദ സംഘടനയിൽ അംഗമാവുക), 38, 39 (അത്തരം സംഘടനയിൽ അംഗമായി കുറ്റകൃത്യത്തിന് സഹായം ചെയ്യുക) എന്നീ കുറ്റങ്ങൾക്കായി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്.
അതേസമയം യുദ്ധത്തിനായി ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിച്ചതിന് ഐ.പി.സി 122ാം വകുപ്പ് ചുമത്തിയിരുന്നെങ്കിലും ഇത് തെളിയിക്കാൻ എൻ.ഐ.എക്കായില്ല. അക്രമത്തിലല്ല, സമാധാനത്തിലാണ് വിശ്വസിക്കുന്നതെന്നും ശിക്ഷ വിധിക്കുേമ്പാൾ പ്രായവും കുടുംബസാഹചര്യവും പരിഗണിക്കണമെന്നും സുബ്ഹാനി കോടതിയോട് അപേക്ഷിച്ചു. ഇന്ത്യക്കോ മറ്റേതെങ്കിലും രാജ്യത്തിനോ എതിരെ യുദ്ധം ചെയ്തിട്ടില്ല.
കോടതിവിധി അംഗീകരിക്കാൻ തയാറാണ്. എന്നാൽ, അന്തിമവിധി സർവശക്തനായ ദൈവത്തിേൻറതാണെന്നും സുബ്ഹാനി പറഞ്ഞു. അർഹമായ ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇറാഖിൽ പോകുംമുമ്പ് ഇന്ത്യയിൽ ആക്രമണം നടത്താൻ ആഗ്രഹിച്ചിരുന്നുവെന്നും ചെയ്ത കുറ്റത്തിൽ ഒട്ടും പശ്ചാത്താപമില്ലെന്നും അതിനാൽ പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ഡിജിറ്റൽ, ശാസ്ത്രീയ തെളിവുകൾ പരിഗണിച്ചാണ് 122 പേജുള്ള വിധിന്യായത്തിൽ സുബ്ഹാനി പ്രതിയാണെന്ന് വിധിച്ചത്. ഐ.എസിനൊപ്പം ചേർന്ന് യുദ്ധം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇറാഖിൽ പോയതെന്നും അവിടെ യുദ്ധം ചെയ്തെന്നും കോടതി നിരീക്ഷിച്ചു. കനകമല ഐ.എസ് കേസന്വേഷണത്തിനിടെ 2016 ഒക്ടോബറിലാണ് എൻ.ഐ.എ സുബ്ഹാനിയെ അറസ്റ്റ് ചെയ്തത്.
എന്നാൽ, തുർക്കി വഴി ഇറാഖിലേക്ക് പോയതായി അന്വേഷണത്തിൽ വ്യക്തമായതോടെ പ്രത്യേകം കേസ് എടുക്കുകയായിരുന്നു. ഫെബ്രുവരിയിൽ ഇന്ത്യ വിട്ട സുബ്ഹാനി 2015 ഏപ്രിലിൽ ഇറാഖിൽ എത്തി. തുടർന്ന് മൂസിലിനടുത്ത യുദ്ധമേഖലയിൽ പരിശീലനം നേടി. സുഹൃത്ത് യുദ്ധത്തിനിടെ മരിച്ചതോടെ ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. എന്നാൽ, അവിടെവെച്ച് ജയിലായെങ്കിലും പിന്നീട് മോചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.