തിരുവനന്തപുരം: വൈദ്യുതി ബോർഡിലും ഉപകമ്പനി രൂപവത്കരിക്കാൻ നിർദേശം. ബോർഡിന്റെ പ്രസരണ വിഭാഗം പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് എൻജിനീയർ ഡോ. പി. രാജന്റെ നേതൃത്വത്തിലുള്ള എട്ടംഗ വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിലാണ് ഈ നിർദേശം.
കേരള പവർ ഇൻഫ്രാസ്ട്രചർ ആൻഡ് സർവിസസ് കമ്പനി (കെ-പിസ്ക്) എന്നാണ് കമ്പനിക്ക് പേര് നിർദേശിച്ചിരിക്കുന്നത്. ഊർജ മേഖലയിലെ കൺസൾട്ടൻസി, നിർമാണം, പരിപാലനം എന്നിവ നിർവഹിക്കുകയാണ് ലക്ഷ്യം. 2019ൽ നൽകിയ ഈ റിപ്പോർട്ടുകളിൽ മാനേജ്മെന്റ് വെള്ളിയാഴ്ച യൂനിയൻ പ്രതിനിധികളുമായി ചർച്ച ചെയ്തിരുന്നു.
വൈദ്യുതി ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് നാല് റിപ്പോർട്ടുകളാണ് സമർപ്പിച്ചിരിക്കുന്നത്. ഉപകമ്പനി അടക്കം നിർദേശങ്ങളിൽ മാർച്ച് 17നകം നിലപാട് അറിയിക്കാനാണ് യൂനിയനുകളോട് മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുശേഷം കെ.എസ്.ഇ.ബി സർക്കാറിന് റിപ്പോർട്ട് നൽകും.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് എന്ന പേരിൽ ഉപ കമ്പനി രൂപവത്കരിച്ചത് പോലെയാണ് കെ.എസ്.ഇ.ബിയിലും ഉപകമ്പനി നിർദേശം വരുന്നത്. നിലവിൽ 33 കെ.വി, 66 കെ.വി, 110 കെ.വി എന്നിവയുടെ പരിപാലനം കരാറടിസ്ഥാനത്തിലായതിനാൽ നിരവധി പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട് പറയുന്നു. സംഘടിതമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്നതിനാൽ സുരക്ഷ, കരാർ, ഗുണമേന്മ ഉറപ്പാക്കൽ അടക്കം വിഷയങ്ങളുടെ സാഹചര്യത്തിലാണ് കെ-പിസ്ക് എന്ന കമ്പനിക്ക് ശിപാർശ. കൺസൾട്ടൻസി, നിർമാണം, പരിപാലനം എന്നീ മേഖലകളിൽ വൈദഗ്ധ്യമുള്ളതാകും പുതിയ സംവിധാനം. ഇത് കെ.എസ്.ഇ.ബിയെ കൂടുതൽ കാര്യക്ഷമമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവിധ ചുമതലകളുടെ നിരക്ക് സംബന്ധിച്ച് കെ.എസ്.ഇ.ബിയും ഉപകമ്പനിയും തമ്മിൽ ധാരണപത്രം ഉണ്ടാക്കണം. അധിക വരുമാനം നേടാനായാൽ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്ക് വർധന ഒഴിവാക്കാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, നിർദേശത്തിൽ ഒരുവിഭാഗം സംഘടകൾ എതിർപ്പുയർത്തിയിട്ടുണ്ട്. കരാർ ജീവനക്കാരെ തിരുകിക്കയറ്റാനുള്ള നീക്കം ഇതിന്റെ ഭാഗമായി വരുമെന്നും പുനഃസംഘടനയുടെ പേരിൽ ജോലിഭാരം കൂട്ടുമെന്നുമാണ് അവരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.