ഗുണനിലവാരമില്ലാത്ത മരുന്നുകൾ: വിജിലൻസ് കണ്ടെത്തലിൽ സർക്കാർ അനങ്ങുന്നില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത മരുന്നുകൾ കേരളത്തിൽ വിറ്റഴിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിജിലൻസ് കണ്ടെത്തലിൽ സർക്കാർ അനങ്ങുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തേണ്ട ആരോഗ്യവകുപ്പ് ഉറക്കത്തിലാണ്. വാർത്ത പുറത്തുവന്നിട്ടും വകുപ്പുമന്ത്രിയുടെ പ്രതികരണം ഉണ്ടായില്ല.

ഗുരുതരമായ ക്രമക്കേടുകളാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൽ നടക്കുന്നത്. മരുന്നുപരിശോധന കാര്യക്ഷമമല്ലാത്തതാണ് ഗുണനിലവാരമില്ലാത്ത മരുന്നുവിൽപ്പന നടക്കുന്നതിനു കാരണം. നേരത്തെ പേവിഷബാധക്കെതിരായ വാക്സിനെക്കുറിച്ച് പരാതി വന്നപ്പോൾത്തന്നെ മറ്റ് മരുന്നുകളുടെ ഗുണനിലവാരവും പരിശോധിക്കണമായിരുന്നു. വിവാദങ്ങളിൽപ്പെട്ടുകിടക്കുന്ന സർക്കാരിന് ഇതിനൊന്നും സമയമില്ല എന്നതാണ് സത്യം.

അതുപോലെ മരുന്നുവിലയും ദിനംപ്രതി കുത്തനെ കൂടുകയാണ്. കോറോണയ്ക്ക് ശേഷം പല അവശ്യമരുന്നുകൾക്കും നൂറു മുതൽ ഇരുന്നൂറു ശതമാനം വരെയാണ് വില കൂടിയിട്ടുള്ളത്. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത രീതിയിൽ ഒരു മാനദണ്ഡവുമില്ലാതെ മരുന്നുവില കുതിക്കുമ്പോൾ സർക്കാർ സംവിധാനം നോക്കുകുത്തിയായി നിൽക്കുകയാണ്. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം മരുന്നുവില കുത്തനെ കൂടിയത് പാവപ്പെട്ടവർക്ക് ഇരുട്ടടിയായി മാറി. അതുകൊണ്ട് ഇക്കാര്യങ്ങളിൽ ഇനിയെങ്കിലും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    
News Summary - Substandard drugs: Govt not moving on Vigilance findings: Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.