കൽപറ്റ: സുഗന്ധഗിരിയിൽ വീടുകൾക്ക് ഭീഷണിയായ മരങ്ങൾ മുറിച്ചുകടത്താനുള്ള അനുമതിയുടെ മറവിൽ അനധികൃതമായി മുറിച്ചു കടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീടുകൾക്ക് ഭീഷണിയായ 20 മരങ്ങൾ മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ ഇതു കൂടാതെ 60ലധികം മരങ്ങൾ അനധികൃതമായി മുറിച്ചുകടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സുഗന്ധഗിരിയിൽ ഭൂരഹിതരായ 450ഓളം ആദിവാസി കുടുംബങ്ങൾക്ക് പതിച്ചു നൽകിയ 3000 ഏക്കർ വനഭൂമിയിലാണ് മരംകൊള്ള നടന്നത്. അനധികൃത മരം മുറിയിൽ വനം വകുപ്പ് ജീവനക്കാർക്കും പങ്കുള്ളതായുള്ള ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൽപറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.ചന്ദ്രൻ, ഫോറസ്റ്റ് വാച്ചർ ആർ.ജോൺസൺ എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. വനം വകുപ്പിലെ കൂടുതൽ ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഫെബ്രുവരി മാസത്തിൽ രണ്ടും, അനധികൃത മരം മുറി വിവാദമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂടുതൽ മരം മുറിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൽപറ്റ റേഞ്ച് ഓഫിസർ കെ.നീതു, ചെതലയം റേഞ്ച് ഓഫിസർ കെ.പി.അബ്ദുൽ സമദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
അനധികൃതമായി മുറിച്ചുവെന്ന് കണ്ടെത്തിയ മുഴുവൻ മരങ്ങളും കണ്ടെടുത്തതായും മരം കടത്താൻ ഉപയോഗിച്ച രണ്ട് ലോറികൾ കസ്റ്റഡിയിലെടുത്തതായും കൽപറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.നീതു മാധ്യമത്തോട് പറഞ്ഞു. സംഭവത്തിൽ ആറുപേർക്കെതിരേയാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. പ്രതികൾ മുൻകൂർ ജാമ്യത്തിന് നീക്കം നടത്തുന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.