തിരുവനന്തപുരം: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിയമനിർമാണവുമായി മുന്നോട്ടുപോകാൻ സർക്കാർ. ഇതുസംബന്ധിച്ച കാര്യങ്ങളിൽ ആഭ്യന്തര-നിയമവകുപ്പുകൾ ചർച്ചകൾ ആരംഭിച്ചു.
വിഷയത്തിൽ പൊതുജനാഭിപ്രായവും തേടും. അടുത്ത നിയമസഭ സമ്മേളനത്തിൽ ഈ ബിൽ കൊണ്ടുവരാൻ സാധിക്കുമോയെന്ന കാര്യമാണ് പരിശോധിക്കുന്നത്. പല തരത്തിലുള്ള വിമർശനങ്ങൾ സമൂഹത്തിൽ നിന്നുണ്ടായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വളരെ കരുതലോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. സർവകക്ഷി യോഗം ഉൾപ്പെടെ വിളിച്ചേക്കും.
വർഷങ്ങൾക്കുമുമ്പുതന്നെ അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം കൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിച്ചിരുന്നെങ്കിലും അത് ഫലം കണ്ടിരുന്നില്ല.വിശദമായ റിപ്പോർട്ട് നിയമപരിഷ്കാര കമീഷൻ നിയമവകുപ്പിന് കൈമാറിയിരുന്നു. പിന്നീട്, നിയമവകുപ്പ് ചട്ടങ്ങൾ തയാറാക്കിയെങ്കിലും ആഭ്യന്തരവകുപ്പിന്റെ നിലപാട് ലഭിച്ചില്ല. വളരെ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ള വിഷയമായതിനാലാണ് എടുത്തുചാടി നടപടിയിലേക്ക് സർക്കാർ നീങ്ങാത്തത്. എന്നാൽ, നരബലിയുടെ പശ്ചാത്തലത്തിൽ ഈ നിയമം നടപ്പാക്കുന്നത് സർക്കാർ വീണ്ടും സജീവമായി പരിഗണിക്കുകയാണ്.
വിവിധ രാഷ്ട്രീയ-സംഘടനകളുമായി കൂടിയാലോചിക്കും. നിയമനിർമാണത്തെക്കാൾ ബോധവത്കരണ പ്രവർത്തനങ്ങൾക്കായിരിക്കും കൂടുതൽ ഊന്നൽ. മതപരമായ കാര്യമായി വ്യാഖ്യാനിച്ച് ഈ നിയമത്തിനെതിരെ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ വർഗീയശക്തികൾ ശ്രമിക്കുമോയെന്ന ആശങ്കയും നിലവിലുണ്ട്.
അന്ധവിശ്വാസം തടയാൻ നിയമനിർമാണം വേണമെന്ന അഭിപ്രായമാണ് സി.പി.എമ്മിനുള്ളത്. അനാചാരങ്ങൾക്കെതിരെ ബഹുജന മുന്നേറ്റവും ബോധവത്കരണവുമുണ്ടാകണമെന്നും പാർട്ടി അഭിപ്രായപ്പെടുന്നു. ആ സാഹചര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാകും നിയമനിർമാണത്തിൽ അന്തിമ തീരുമാനമെടുക്കുക.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കാന്‍ അടിയന്തര നിയമനിർമാണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം കൊണ്ടുവരാന്‍ പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതുസംബന്ധിച്ച ബില്‍ പി.ടി. തോമസ് ഉള്‍പ്പെടെയുള്ളവര്‍ നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. നിയമപരിഷ്കരണ കമീഷന് 2019ല്‍ നല്കിയ റിപ്പോര്‍ട്ടും സര്‍ക്കാറിന് മുന്നിലുണ്ട്. നിയമ നിർമാണത്തിനായി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.