കൽപറ്റ: ജില്ല സപ്ലൈ ഓഫിസറും ജീവനക്കാരനും ചേർന്ന് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവന സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതു വഴി അപമാനമുണ്ടായെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമീഷൻ നേരിട്ട് അന്വേഷിക്കും.
ജില്ല പൊലീസ് മേധാവിയും ജില്ല സപ്ലൈ ഓഫിസറും സമർപ്പിച്ച റിപ്പോർട്ടുകളിൽ സപ്ലൈ ഓഫിസ് ജീവനക്കാരെൻറ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് പ്രതികൂല പരാമർശം ഉള്ള സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്താൻ കമീഷൻ ഉത്തരവിട്ടത്. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകി.
ലോക്ഡൗണിെൻറ ഭാഗമായി സുൽത്താൻ ബത്തേരി നമ്പ്യാർക്കുന്ന് ആശ്രമത്തിൽ എത്തിയ ജില്ല സപ്ലൈ ഓഫിസറും ഡ്രൈവറും ചേർന്ന് അവിടെ താമസിക്കുന്ന വയോധികനായ പുരോഹിതനെയും കത്തോലിക്കാ രൂപത ഭരണസംവിധാനത്തെയും അപമാനിച്ച് ഫേസ്ബുക്കിൽ പരാമർശം നടത്തിയെന്നാണ് പരാതി. വിവാദ പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരൻ തയാറായില്ല. ജില്ല സപ്ലൈ ഓഫിസിലെ ഡ്രൈവറാണ് പോസ്റ്റിട്ടത്.
മുഖാവരണവും ഗ്ലൗസും ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും തൊട്ടടുത്തിരുന്ന് ചിത്രങ്ങൾ എടുത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതായും പരാതിയുണ്ട്. സർക്കാർ നിർദേശത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നും ബത്തേരി കത്തോലിക്കാ രൂപത ചാൻസലർ സമർപ്പിച്ച പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.