ശബരിമല മേൽശാന്തി നിയമനം: ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്കു മാത്രമായി സംവരണം ചെയ്തത് ശരിവച്ച കേരള ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയുടെ ഇടപെടൽ. എതിർകക്ഷികളായ തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാനസർക്കാരിനും കോടതി നോട്ടീസ് നല്‍കി. ഹരജിക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസുമായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് നടപടി.

അവർണ വിഭാഗത്തിലെ ശാന്തിക്കാരായ ടി.എൽ. സിജിത്ത്, പി.ആര്‍. വിജീഷ് എന്നിവർ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്. നിയമ സർവകലാശാലാ മുൻ വൈസ് ചാൻസലർ പ്രഫ. ഡോ. മോഹൻ ഗോപാൽ ഹരജിക്കാർക്ക് വേണ്ടി ഹാജരായി. ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനങ്ങള്‍ മലയാള ബ്രാഹ്‌മണര്‍ക്ക് മാത്രം പരിമിതപ്പെടുത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈകോടതി ശരിവച്ചത്.

ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. മേല്‍ശാന്തി നിയമനങ്ങള്‍ മലയാള ബ്രാഹ്‌മണര്‍ക്ക് മാത്രമായി നിജപ്പെടുത്തിയത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത ജാതീയ ഉച്ചനീചത്വമാണെന്നാണ് ഹരജിക്കാരുടെ നിലപാട്. എല്ലാ മതവിഭാഗക്കാര്‍ക്കും പ്രവേശനം അനുവദിക്കുന്ന ശബരിമലയില്‍ ജനനത്തിന്റെ പേരിലല്ല മേല്‍ശാന്തിയെ നിയമിക്കേണ്ടതെന്ന വാദവും ഹരജിക്കാര്‍ ഉന്നയിച്ചു.

എന്നാൽ വൈക്കം, ഏറ്റുമാനൂര്‍, ശബരിമല തുടങ്ങി പല മഹാക്ഷേത്രങ്ങളിലും ആചാരങ്ങള്‍ വ്യത്യസ്തമാണെന്നും മേല്‍ശാന്തി നിയമനത്തിലടക്കം ചില കീഴ്വഴക്കങ്ങള്‍ പിന്തുടരുന്നത് മറ്റു നിയമനങ്ങളുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ശബരിമലയിലൊഴികെ ശാന്തി തസ്തികയിലടക്കം ഹിന്ദുവിഭാഗത്തില്‍ യോഗ്യത നേടിയ എല്ലാവര്‍ക്കും അപേക്ഷിക്കാമെന്നിരിക്കെ വിവേചനം ആരോപിക്കുന്നത് ശരിയല്ല. ശബരിമല മേല്‍ശാന്തി നിയമനം പൊതു, സ്ഥിരനിയമനമല്ല. ബ്രാഹ്‌മണരില്‍ നിന്നുള്ള വിഭാഗങ്ങളെയും ഒഴിവാക്കി നിര്‍ത്തുന്നതിനാല്‍ ജാതിവിവേചനമായി കണക്കാക്കേണ്ടതില്ല. 2015ലെ ഹൈകോടതി ഡിവിഷന്‍ ബഞ്ച് വിധിയില്‍ ശബരിമല മേല്‍ശാന്തി പദവി പൊതുവിലുള്ളതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടന്നെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.

ശബരിമലയില്‍ മലയാള സമ്പ്രദായത്തിലാണ് പൂജകള്‍ നടക്കുന്നത്. അതുകൊണ്ടാണ് മലയാള ബ്രാഹ്‌മണന്‍ എന്ന് നിബന്ധന വെക്കുന്നത്. ക്ഷേത്രം മാനേജ്‌മെന്റ് ആയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ദേവസ്വം നിയമപ്രകാരം ശാന്തി ഉള്‍പ്പടെയുള്ള ജീവനക്കാരെ നിയമിക്കാനുള്ള അധികാരമുണ്ട്. അതിനെ ചോദ്യം ചെയ്യാനാകില്ലെന്നുമായിരുന്നു ഹരജിയില്‍ കക്ഷി ചേര്‍ന്ന ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട ഹരജിക്കാര്‍ ഹൈകോടതിയെ അറിയിച്ചിരുന്നത്.

Tags:    
News Summary - Supreme Court Sends notice to Kerala Govt and Devaswom Board in Relation with Plea Challenging Shanti Appointment in Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.