കണ്ണൂർ: സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുകാരൻ കോളയാട് സ്വദേശി കരുണാകരനെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹതടവുകാരൻ അറസ്റ്റിൽ. പാലക്കാട് കോട്ടായി സ്വദേശി വേലായുധനെയാണ് (78) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കൊലക്കേസ് പ്രതികളായ കരുണാകരനും വേലായുധനും ജൂൺ മുതൽ പത്താം ബ്ലോക്കിലെ സെല്ലിലാണ് കഴിയുന്നത്. വാക്കുതർക്കത്തെ തുടർന്ന് കരുണാകരന്‍റെ വാക്കിങ് സ്റ്റിക്കുകൊണ്ട് തലക്കും മുഖത്തുമടിച്ച് വേലായുധൻ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കോളയാട് ആലച്ചേരി എടക്കോട്ട് പിതായരത്ത് ഹൗസിൽ കരുണാകരനെ (86) ഞായറാഴ്ച രാത്രി 11ഓടെയാണ് സെല്ലിനുപുറത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സഹതടവുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ജയിലധികൃതർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് വടികൊണ്ട് തലക്ക് അടിയേറ്റാണ് മരണമെന്ന് കണ്ടെത്തിയത്.
പ്രായാധിക്യത്തെ തുടർന്ന് കരുണാകരൻ ഉപയോഗിച്ചിരുന്ന ഇരുമ്പിന്റെ വാക്കിങ് സ്റ്റിക്ക് ചോരപുരണ്ട നിലയിൽ പത്താം ബ്ലോക്കിലെ സെല്ലിന് പുറത്തുനിന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വേലായുധനിലേക്ക് എത്തിയത്. ഇയാളുടെ കാലിന് പരിക്കേറ്റതും തെളിവായി. ഇരുവരും തമ്മിൽ സ്ഥിരമായി വാക്കുതർക്കമുണ്ടാകാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പാലക്കാട് സ്വദേശിയായ വേലായുധൻ ഭാര്യയെ തലക്കടിച്ച് കൊന്ന കേസിൽ വിചാരണ തടവ് അനുഭവിച്ചുവരുകയാണ്.
ഇയാളെ അറസ്റ്റ് ചെയ്യാനുള്ള അനുമതി പാലക്കാട് കോടതിയിൽ നിന്ന് പൊലീസ് വാങ്ങിയിരുന്നു. തുടർന്ന്, വെള്ളിയാഴ്ച രാവിലെ പത്തരയോടെ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ വേലായുധനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.