കര്‍ദിനാൾ ആലഞ്ചേരിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്; നിയമവാഴ്ചയെ മാനിച്ചില്ലെങ്കിൽ ഉത്തരം ബോധിപ്പിക്കേണ്ടി വരും

ന്യൂഡല്‍ഹി: നിയമവാഴ്ചയെ മാനിച്ചില്ലെങ്കിൽ നിയമത്തിന് മുന്നിൽ ഉത്തരം ബോധിപ്പിക്കേണ്ടി വരുമെന്ന് കര്‍ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. സുപ്രീംകോടതി അനുവാദം നൽകാതെ സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസില്‍ വിചാരണകോടതിയില്‍ ഹാജരാകാതിരുന്ന നടപടിയെ രൂക്ഷമായി വിമർശിച്ചാണ് കർദിനാളിന് ഈ മുന്നറിയിപ്പ് നൽകിയത്. വാദം പൂർത്തിയാക്കിയ കർദിനാളിന്റേതടക്കമുള്ള ഹരജികൾ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ച് വിധി പറയാനായി മാറ്റി.

വിചാരണ കോടതിയിൽ ഹാജരാകാതിരിക്കാൻ തങ്ങൾ ഒരു ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലായിരുന്നുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. മറിച്ച് കർദിനാൾ വിചാരണ കോടതിയിൽ ഒരിക്കൽ ഹാജരാകാനും തുടർ ദിവസങ്ങളിൽ ഒഴിവ് അനുവദിക്കാൻ അവിടെ ആവശ്യപ്പെടാനുമാണ് സുപ്രീംകോടതി പറഞ്ഞത്. അതോടൊപ്പം കേസിൽ കേരള ഹൈകോടതിയും ലക്ഷ്മണ രേഖ ലംഘിച്ചുവെന്ന് ബെഞ്ച് കുറ്റപ്പെടുത്തി.

ക്രിമിനല്‍ നടപടി ചട്ടത്തിലെ 482-ാം വകുപ്പുപ്രകാരം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ഫയല്‍ചെയ്ത ഹരജിയില്‍ പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈകോടതി വിധിച്ചതിനെയാണ് സുപ്രീംകോടതി വിമര്‍ശിച്ചത്.

അതേ സമയം കേസില്‍ കക്ഷിചേരാൻ ഷൈന്‍ വര്‍ഗീസും കേരള കാത്തലിക് ചര്‍ച്ച് റിഫോംസ് മൂവ്‌മെന്റും നല്‍കിയ അപേക്ഷകൾ സുപ്രീംകോടതി തള്ളി. കേസ് അവസാനിപ്പിക്കാനുളള നടപടിക്കെതിരെ വിചാരണ കോടതിയെ സമീപിക്കാൻ ഇവരെ അനുവദിക്കുകയും ചെയ്തു.

Tags:    
News Summary - Supreme Court warning to Cardinal George Alencherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.