കണ്ണൂർ: ജെ.ആർ.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടുമായി താൻ കൂടിക്കാഴ്ച നടത്തിയോയെന്ന കാര്യം നിഷേധിക്കാതെ സി.പി.എം നേതാവ് പി. ജയരാജൻ. പ്രസീതയുമായി താൻ കൂടിക്കാഴ്ച നടത്തിയോ ഇല്ലയോ എന്നത് അപ്രസക്തമായ കാര്യമാണെന്ന് ജയരാജൻ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ ഗൗരവകരമായ ആക്ഷേപമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. അതിന് മറുപടി പറയാൻ ബാധ്യസ്ഥനാണ് സുരേന്ദ്രൻ. എന്നാൽ, അതിന് നേരിട്ട് മറുപടി പറയുന്നതിന് പകരം ശ്രദ്ധ തിരിക്കാനുള്ള ചില വ്യാജ പ്രസ്താവനകളാണ് അദ്ദേഹം നടത്തുന്നതെന്നും പി. ജയരാജൻ പറഞ്ഞു.
പി. ജയരാജനുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെ പ്രസീത ആരോപണമുന്നയിക്കുന്നതെന്ന് കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം പ്രസീത തള്ളി. ഇതെല്ലാം ഉണ്ടയില്ലാ വെടിയായിട്ടാണ് തനിക്ക് തോന്നുന്നതെന്നും മറിച്ചാണെങ്കില്‍ കെ. സുരേന്ദ്രന്‍ തെളിവുകള്‍ പുറത്ത് വിടട്ടെയെന്നും പ്രസീത വെല്ലുവിളിച്ചു.
പി. ജയരാജനെ മൂന്ന് വർഷം മുൻപ് കണ്ടിട്ടുണ്ട്. എന്നാല്‍ അതെല്ലാം സാമുദായിക കാര്യങ്ങളുമായി ബന്ധപ്പെട്ടിട്ടാണെന്നും പ്രസീത പറഞ്ഞു. അതിനെ ഇതുമായി ബന്ധപ്പെടുത്തുന്നതിന്റെ കാരണം അറിയില്ല. സി.പി.എം സംരക്ഷണം നല്‍കുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമായിരിക്കും. പി ജയരാജനുമായി പ്രസീത കൂടികാഴ്ച്ച നടത്തിയിട്ടില്ല. ഉണ്ടെങ്കില്‍ തെളിവ് നിരത്തട്ടെയെന്നും പ്രസീത പറഞ്ഞു.
എൻ.ഡി.എയിൽ ചേരാൻ സി.കെ ജാനുവിന് പണം നൽകിയ സംഭവത്തിൽ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പ്രസീത കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സുരേന്ദ്രനുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായും നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.
ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് മൂന്നിന് സുരേന്ദ്രൻ ആലപ്പുഴ വരാന്‍ പറയുന്നതും പിന്നീട് തിരുവനന്തപുരത്ത് എത്തിയശേഷമുള്ള സംഭാഷണവും ശബ്ദ രേഖയിലുണ്ട്. ജാനുവിന്റെ റൂം നമ്പര്‍ ചോദിച്ചാണ് സുരേന്ദ്രന്റെ പി.എ വിളിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഹൊറൈസൺ ഹോട്ടലിലെ 503 ആം നമ്പർ റൂമിലാണ് പണം കൈമാറിയത്. പണം കൈമാറാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചത് പ്രസീത തന്നെയെന്ന് ഫോൺ സംഭാഷണങ്ങളിൽ വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.