തിരുവനന്തപുരം: വനംവകുപ്പിലെ ജീവനക്കാർക്ക് മുന്നുമാസത്തെ കാപ്സ്യൂൾ പരിശീലനം മാത്രം നൽകി സർവേക്ക് നിയോഗിച്ചത് വനഭൂമിയിലെ സർവേ താളം തെറ്റിക്കുന്നു. വനഭൂമി അളന്ന് തിട്ടപ്പെടുത്തി ജണ്ട സ്ഥാപിച്ച് സംരഷിക്കുന്നതിനുള്ള പ്രവർത്തനത്തെ ഇതു ദോഷകരമായി ബാധിക്കുെന്നന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
സർവേ ആൻഡ് ഭൂരേഖ വകുപ്പിന് കീഴിൽ മൂന്നുമാസത്തെ പരിശീലനം നൽകിശേഷം ജീവനക്കാരെ ജില്ല, സർക്കിൾ പരിധിയിൽ നിയമിക്കാനാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉത്തരവിട്ടത്. ഇതിനായി സർവേ ചട്ടം 101 ഭേദഗതി ചെയ്തു. ഇതനുസരിച്ചാണ് സർവേയിൽ അഭിരുചിയില്ലാത്തവരെയും താൽപര്യമില്ലാത്തവരെയുമെല്ലാം പരിശീലനത്തിന് അയച്ചത്. സർവേ സംബന്ധിച്ച ഗണിതം കൈകാര്യം ചെയ്യാൻ ഇവരിൽ പലർക്കും കഴിയുന്നില്ല. 30 പേരുള്ള ബാച്ചിൽ നാലോ അഞ്ചോ പേരാണ് പരീക്ഷയിൽ വിജയിക്കുന്നത്. പരിശീലനം ലഭിച്ചവരിൽ ബഹുഭൂരിപക്ഷത്തിനും സ്കെച്ച് തയാറാക്കാനും അറിയില്ല. ദീർഘകാല സാങ്കേതിക പരിശീലനവും പ്രയോഗിക പരിചയവുമുള്ള സർവേ വകുപ്പിലെ ജീവനക്കാർ സുക്ഷ്മതയോടെ നിർവഹിച്ച ജോലിയാണ് ഇവർ ലാഘവത്തോടെ ചെയ്യുന്നത്. ഇവരുടെ അറിവില്ലായ്മമൂലം സംഭവിക്കുന്ന പിഴവുകൾ വനഭൂമി നഷ്ടപ്പെടാൻ കാരണമാവും.
സാധാരണ സർവേ നടത്തി തയാറാക്കുന്ന സ്കെച്ച് ഹെഡ് സർവേയർ, സർവേ സൂപ്രണ്ട്, അസിസ്റ്റൻറ് ഡയറകട്ർ എന്നിങ്ങനെ പരിശോധിച്ചാണ് ഉറപ്പുവരുത്തുന്നത്. എന്നാൽ, ഇവിടെ അടിത്തട്ടിൽ തയാറാക്കുന്ന സ്കെച്ച് അംഗീകരിക്കുകയാണ്. വനംവകുപ്പിലാകട്ടെ തുടർ പരിശോധനയുമില്ല.
വനംകൈയേറ്റം നടന്ന പ്രദേശങ്ങളിലടക്കം ഭൂമി തിരിച്ചുപിടിക്കാൻ സർവേക്ക് നിയോഗിക്കുന്നത് ഇവരെയാണ്. ടോട്ടൽ സ്റ്റേഷൻ സർവേ, ജി.പി.എസ് തുടങ്ങിയവ പരിചയപ്പെടുത്തിയെങ്കിലും മതിയായ പരിശീലനം ഇവർക്ക് ലഭിച്ചിട്ടില്ല. ടോട്ടൽ സ്റ്റേഷൻ സർവേയിലെ സ്കെച്ച് കമ്പ്യൂട്ടറിൽ തയാറാക്കാം. എന്നാൽ, നിലവിൽ വനംവകുപ്പിലെ സ്കെച്ചുകൾ കണ്ണാടി സർവേ സ്കെച്ചുകളാണ്. ഈ സ്കെച്ച് മാനുവലായി തയാറാക്കിയതാണ്. ഇതു വനംവകുപ്പിലെ സർവേയർമാർക്ക് മനസ്സിലാക്കാൻ കഴിയില്ല.
ഇടുക്കിയിൽ തർക്കമുള്ള വനാതിർത്തിയിൽ ജണ്ടയിട്ട് തിരിക്കുന്നതിനും ഇവരെയാണ് നിയോഗിച്ചത്. വനസംരക്ഷണത്തിനു നിയോഗിക്കപ്പെട്ട ജീവനക്കാരെ സർവേ ജോലികൾക്ക് നിയോഗിക്കുന്നതിന് സർക്കാർ ഇറക്കിയ ഉത്തരവ് റിക്രൂട്ട്മെൻറ് ചട്ടങ്ങൾക്കുവിരുദ്ധമാണെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.