തിരുവനന്തപുരം: സ്വാമി അഗ്നിവേശിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ കണ്ടാലറിയാവുന്ന അമ്പതിലേറെ പേർക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തു.ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരാണ് ഇതിലേറെയും. ഇതിൽ ചിലരെ തിരിച്ചറിഞ്ഞതായും അവരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന ദുർബലമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ബുധനാഴ്ച വൈകുന്നേരമാണ് പൂജപ്പുര നവരാത്രി മണ്ഡപം ഒാഡിറ്റോറിയത്തിലെത്തിയ സ്വാമിക്കു നേരെ പ്രതിഷേധവും കൈയേറ്റ ശ്രമവുമുണ്ടായത്. വൈദ്യമഹാസഭയുടെ പരിപാടിക്കെത്തിയ സ്വാമിക്കു നേരെ പ്രതിഷേധവുമായി ക്ഷേത്രഭാരവാഹികൾ ഉൾപ്പെടെ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് സ്വാമി പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി. കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യാനിരുന്ന പരിപാടിയിൽ പകരക്കാരനായാണ് സംഘാടകർ സ്വാമിയെ കൊണ്ടുവന്നത്.എന്നാൽ, സ്വാമിയെ പെങ്കടുക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. പൊലീസ് സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം. പരാതി ലഭിക്കാത്തതിനാൽ കേസെടുക്കാതിരുന്ന പൂജപ്പുര പൊലീസ് അർധരാത്രിയോടെയാണ് കണ്ടാലറിയാവുന്ന അമ്പതിലധികം പേർക്കെതിരെ കേസെടുത്തത്.
സ്വാമി അഗ്നിവേശിന് നേരെയുണ്ടായ അതിക്രമത്തിൽ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നുയർന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൈക്കാട് െഗസ്റ്റ് ഹൗസിലെത്തി സ്വാമി അഗ്നിവേശിെൻറ വസുധൈവ കുടുംബകം പരിപാടിക്ക് പൂർണ പിന്തുണ അറിയിച്ചു. കൈയേറ്റശ്രമത്തെ അദ്ദേഹം അപലപിച്ചു.ഡൽഹിയിലുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി തുടങ്ങിയവർ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചതായി സ്വാമി അഗ്നിവേശ് പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതാക്കളും സ്വാമി അഗ്നിവേശിനെ സന്ദർശിച്ചു.
വിഴിഞ്ഞത്ത് ജേക്കബ് വടക്കാഞ്ചേരിയുടെ പ്രഭാഷണ പരമ്പര സ്വാമി അഗ്നിവേശ് ഉദ്ഘാടനം ചെയ്തു. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ തെൻറ നേരെയുണ്ടായ അവഹേളനത്തിൽ കേരളത്തിലെ ജനങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. കേരളത്തിലെ ജനങ്ങൾ സർവമത സാഹോദര്യത്തിലും സമാധാനത്തിലും വിശ്വസിക്കുന്നവരാണെന്ന്് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.