കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും അവസാനമായി നൽകിയ മൊഴികളിൽ നിർണായക വിവരങ്ങളെന്ന് കോടതി. സ്വപ്ന 28നും സരിത് 28, 29 തീയതികളിലുമായി കസ്റ്റംസിന് നൽകിയ മൊഴിയിൽ ഉന്നതർക്ക് കുറ്റകൃത്യത്തിലുള്ള പങ്കാളിത്തവും വിദേശ കറൻസി കടത്തിൽ അവരുടെ ബന്ധവും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഇരുവരെയും മൂന്നുദിവസത്തെ കസ്റ്റഡി അനുവദിച്ച് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ (സാമ്പത്തിക കുറ്റകൃത്യങ്ങൾ) കോടതി വ്യക്തമാക്കി.
പ്രതികൾ ഇന്ത്യയിൽനിന്ന് പണം സ്വരൂപിച്ചതെങ്ങനെ, ഇത് യു.എസ് ഡോളറാക്കിയതെങ്ങനെ എന്നീ കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. മൊഴിപ്പകർപ്പ് സീൽ ചെയ്ത കവറിൽ കോടതിയിൽ കസ്റ്റംസ് ഹാജരാക്കി. കോൺസൽ ജനറൽ ജമാൽ അൽസാബി, അറ്റാഷെ റാഷിദ് അലി മുസൈഖിരി എന്നിവരും വിദേശ കറൻസി ഒളിപ്പിച്ച് കടത്തിയതായാണ് വ്യക്തമാകുന്നത്. യു.എ.ഇ കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം തലവനായിരുന്ന ഖാലിദ് മുഹമ്മദലി ഷൗക്രിയെ വിദേശത്തേക്ക് ഡോളർ കടത്താൻ സഹായിെച്ചന്ന കുറ്റത്തിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഏഴുദിവസത്തെ കസ്റ്റഡിയിൽ നൽകുന്നതിനെ പ്രതിഭാഗം ശക്തമായി എതിർത്തു.
ഈമാസം മൂന്നിന് ഉച്ചക്ക് 1.30നുമുമ്പ് തിരികെ ഹാജരാക്കണമെന്ന നിർദേശത്തോടെയാണ് കസ്റ്റഡി അനുവദിച്ചത്. കോടതിയിൽ ഹാജരാക്കിയപ്പോൾ രഹസ്യമായി ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന് സ്വപ്നയും സരിത്തും ബോധിപ്പിച്ചു. അതിനിടെ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെയും ഏഴുദിവസത്തേക്കുകൂടി കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയ കോടതി ശിവശങ്കറിനെ ഒരുദിവസത്തേക്ക് എറണാകുളം സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.