സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍; സംസ്ഥാനം അന്വേഷണത്തിന് ഉത്തരവിടണം -കെ. സുരേന്ദ്രന്‍

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ നടത്തി മൂന്ന് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് സ്വര്‍ണക്കടത്തിനെ കുറിച്ച് എല്ലാമറിയാമെന്ന സ്വപ്നയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത് മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും എല്ലാം അറിയാം എന്നാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ സ്വര്‍ണക്കള്ളക്കടത്തിന് നേതൃത്വം നല്‍കിയത് സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നു എന്നതിന്റെ തെളിവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശിവശങ്കര്‍ നിരവധി തവണ ബാഗേജ് ക്‌ളിയര്‍ ചെയ്യാന്‍ ഇടപെട്ടു, ബാഗേജില്‍ സ്വര്‍ണമാണെന്ന് ശിവശങ്കറിന് അറിയാമായിരുന്നു, തന്നെ സംസ്ഥാനം വിടാന്‍ ശിവശങ്കര്‍ സഹായിച്ചു, വ്യാജ ശബ്ദരേഖയുണ്ടാക്കി എന്നീ പ്രധാന കാര്യങ്ങളാണ് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതാണ്. കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് അന്വേഷിച്ചപ്പോള്‍ അവര്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് സ്വന്തമായി അന്വേഷണം നടത്താത്തതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തശേഷം സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണം.

മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പാലിക്കുന്ന മൗനത്തില്‍ ദുരൂഹതയുണ്ട്. തനിക്കും ഇതെല്ലാം അറിയാമായിരുന്നു എന്ന് സമ്മതിക്കലാണ് ഈ മൗനം. ലോകായുക്ത വിഷയം പ്രതിപക്ഷം ലളിതവല്‍കരിക്കുകയാണ്. ഗവര്‍ണര്‍ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ സഹായം ആവശ്യമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. നിയമപരമായി നടക്കുന്ന ഒരു കാര്യമാണത്. ഇതിന്റെ പേരില്‍ ബി.ജെ.പിയും സി.പി.എം സര്‍ക്കാരും തമ്മില്‍ ധാരണയുണ്ടാക്കി എന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിക്കുന്നത് വിവരക്കേടാണ്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് പകരം ഗവര്‍ണറെ ആക്രമിക്കുകയാണ് വി.ഡി സതീശന്‍ നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നത്.

എല്ലാ കാര്യങ്ങളിലും പിണറായി വിജയന് രക്ഷാകവചം ഒരുക്കുകയാണ് പ്രതിപക്ഷ നേതാവ്. സ്വപ്‌നയുടെ വെളിപ്പെടുത്തലുണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ലോകായുക്ത വിഷയം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറിമാരായ ഇ. പ്രശാന്ത്കുമാര്‍, എം. മോഹനന്‍ മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - swapna Suresh's revelation; The state should order an inquiry -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.