തിരുവനന്തപുരം: തൊഴിലാളി യൂനിയനുകളുടെ എതിർപ്പുണ്ടെങ്കിലും സ്വിഫ്റ്റ് യാഥാർഥ്യമാകുമെന്ന് ഏതാണ്ട് ഉറപ്പായി. കെ.എസ്.ആർ.ടി.സിയിൽനിന്നുള്ള പ്രപ്പോസൽ ലഭിച്ചാലുടൻ നിയമപരിശോധനകൾക്കുശേഷം കമ്പനി രജിസ്ട്രേഷനുള്ള തുടർനടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. സ്വതന്ത്രസ്വഭാവമാണ് സ്വിഫ്റ്റിനുള്ളതെങ്കിലും കമ്പനി കെ.എസ്.ആർ.ടി.സിയുടേതാണെന്ന് ജീവനക്കാരെ ബോധ്യപ്പെടുത്തും. ദീർഘദൂര ബസുകൾ പുതിയ കമ്പനിക്ക് കീഴിലാക്കുമെന്ന തീരുമാനത്തിൽനിന്ന് പിന്നോട്ട് പോകാനിടയില്ല. ജനുവരി 26ഒാടെ കമ്പനി രജിസ്േട്രഷൻ നടപടികൾ ആരംഭിക്കുമെന്നാണ് വിവരം.
2000 ജീവനക്കാർ പുതിയ കമ്പനിയിലുണ്ടാകും. കരാർ അടിസ്ഥാനത്തിലാണ് ഇവരെ നിയമിക്കുക. താൽക്കാലികമായി നിയമിക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക സേവന വേതന വ്യവസ്ഥ നിശ്ചയിക്കും. എംപാനൽ വ്യവസ്ഥയിൽ േജാലി ചെയ്തിരുന്നവരെയാണ് പരിഗണിക്കുന്നത്. ആദ്യഘട്ടം 237ഉം രണ്ടാംഘട്ടം 460 ഉം അടക്കം കെ.എസ്.ആർ.ടി.സിക്ക് 697 ബസുകൾ സ്വിഫ്റ്റിലേക്ക് മാറ്റാനാണ് മാനേജ്മെൻറ് ആലോചിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ റൂട്ടുകളും ബസുകളും കൈമാറുന്നതിന് കൃത്യമായി വ്യവസ്ഥയുണ്ടാക്കുമെന്ന് മാനേജ്മെൻറ് വ്യക്തമാക്കുന്നു.
കെ.എസ്.ആർ.ടി.സിയിൽനിന്ന് ലഭ്യമാകുന്ന എല്ലാ സേവനങ്ങൾക്കും (റൂട്ട്, ബസ്, പരിപാലനം) സ്വിഫ്റ്റ് പ്രതിഫലം നൽകും. താൽക്കാലിക ജീവനക്കാർക്ക് പുറമേ കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ടാകുന്ന പക്ഷം കെ.എസ്.ആർ.ടി.സിയിൽനിന്ന് ജോലി ക്രമീകരണവ്യവസ്ഥയിൽ നിയോഗിക്കുമെന്നതാണ് മറ്റൊരു നിബന്ധന.
കിഫ്ബി ധനസഹായത്തോടെ ബസുകൾ വാങ്ങണമെങ്കിൽ പ്രത്യേക കമ്പനി രൂപവത്കരിക്കണമെന്നാണ് വ്യവസ്ഥ. കേന്ദ്രത്തിൽനിന്ന് നേരത്തേ ജനുറം പദ്ധതി പ്രകാരം എ.സി വോൾവോ ബസുകൾ ലഭിച്ചപ്പോൾ കെ.യു.ആർ.ടി.സി എന്ന പേരിൽ സബ്സിഡിയറി കമ്പനി രൂപവത്കരിച്ചെങ്കിലും കാര്യമായ ഗുണം ചെയ്തില്ലെന്നാണ് മാനേജ്മെൻറിെൻറ വിലയിരുത്തൽ. ഇതാണ് സ്വതന്ത്ര കമ്പനി എന്ന ആശയത്തിനു പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.