18 കോടിയുടെ ഭൂമി തട്ടിപ്പ്​ കേസിൽ കർദിനാൾ ആലഞ്ചേരിക്ക്​ ക്ലീൻ ചിറ്റ്​ നൽകി കേരള സർക്കാർ

ന്യൂഡൽഹി: 18 കോടിയുടെ ഭൂമി തട്ടിപ്പ്​ കേസിൽ കർദിനാൾ മാർ ജോർജ്​ ആലഞ്ചേരിക്ക്​ ക്ലീൻ ചിറ്റ്​ നൽകി സുപ്രീംകോടതിയിൽ കേരള സർക്കാറിന്‍റെ സത്യവാങ്​മൂലം സമർപ്പിച്ചു. കേസ്​ നടപടികൾക്കെതി​രെ കർദിനാൾ സമർപ്പിച്ച ഹരജിയിലാണ്​ സംസ്ഥാന സർക്കാർ അദ്ദേഹത്തിന്​ അനുകൂലമായ നിലപാടെടുത്തത്​. ഡൽഹിയിലുള്ള കേരള സർക്കാർ അണ്ടർ സെക്രട്ടറി കെ.കെ സേവ്യറാണ്​ സത്യവാങ്​മൂലം ഫയൽ ചെയ്തത്​.

ഭൂമി വാങ്ങിയ എല്ലാവരെയും പൊലീസ്​ ചോദ്യം ചെയ്തപ്പോൾ ഔദ്യോഗികമായി രേഖയിൽ കാണിച്ച തുക മാത്രമേ ഭൂമിക്ക്​ തങ്ങൾ കൊടുത്തിട്ടുള്ളൂ എന്ന്​​ അവർ പൊലീസിനോട്​ പറഞ്ഞുവെന്നും അതിനാൽ കണക്കിൽ കവിഞ്ഞ തുകക്ക്​ ഭൂമി വിറ്റുവെന്നത്​ കണ്ടെത്താനായില്ല എന്നുമാണ്​ കേരള സർക്കാറിന്‍റെ പ്രധാന വാദം. കർദിനാൾ കുറ്റം ചെയ്തിട്ടില്ലെന്ന്​ പറയാനുള്ള അടിസ്​ഥാനമായി സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചതും ഇതാണ്​. 36 പേർക്കാണ്​ ഭൂമി വിറ്റത്​. ഈ കച്ചവടത്തിലൂടെ 27 കോടി കിട്ടിയെന്നത്​ പരാതിക്കാരൻ തെറ്റിദ്ധരിച്ചതാണെന്നും സഭയുടെ രേഖ പ്രകാരം 13,51,44,260 രൂപ മാത്ര​മേ കിട്ടിയിട്ടുള്ളൂ എന്നും സർക്കാറി​ന്‍റെ സത്യവാങ്​മൂലത്തിലുണ്ട്​.

സെന്‍റിന്​ ഒമ്പത്​ ലക്ഷത്തിന്​ വിൽക്കാൻ തീരുമാനിച്ച നാല്​ വ്യത്യസ്ത സ്​ഥലങ്ങളിലുള്ള ഭൂമി കർദിനാളിന്‍റെ നേതൃത്വത്തിൽ വിറ്റപ്പോൾ ചിലതിന്​ സെന്‍റിന്​ 2.43 ലക്ഷം രൂപ മുതൽ 10.75 ലക്ഷം രൂപ വരെയാണ്​ കിട്ടിയതെന്നും വ്യത്യസ്ത ഭാഗങ്ങളിലെ വ്യത്യസ്ത വിലകളാണ്​ അതിന്​ കാരണമെന്നും കേരള സർക്കാർ ബോധിപ്പിച്ചു. ​

റോമൻ ക​ത്തോലിക്കാ സഭയെ നിയന്ത്രിക്കുന്ന കാനൻ നിയമവും എറണാകുളം അതിരൂപതയുടെ ചട്ടങ്ങളും പ്രകാരം ശരിയായ കൂടിയാലോചന നടത്തിയാണ്​ ഭൂമി ഇടപാട്​ കർദിനാൾ മാർ ജോർജ്​ ആല​ഞ്ചേരി നടത്തിയതെന്നാണ്​ അന്വേഷണത്തിൽ ക​ണ്ടെത്തിയതെന്ന്​ സംസ്ഥാന സർക്കാർ ബോധിപ്പിച്ചു. സഭയുടെ ഭരണപരമായ കാര്യങ്ങൾക്കുള്ള സമിതികളായ ക്യുരിയ, കോളജ്​ ഓഫ്​ കൺസൾട്ടേഴ്​സ്​, ഫിനാനസ്​ കൗൺസിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും മിനുട്​സിൽ അവ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സത്യവാങ്​മൂലത്തിലുണ്ട്​.

സീറോ മലബാർ സഭയുടെയും എറണാകുളം - അങ്കമാലി അതിരുപതയുടെയും ചെലവിൽ കർദിനാൾ ആലഞ്ചേരിയും സംഘവും വഞ്ചന നടത്തിയെന്ന്​ കാണിച്ച്​ അതേ അതിരൂപതക്ക്​ കീഴിലുള്ള ചൊവ്വര പ്രസന്നപുരം ആത്തപ്പിള്ളി ഹൗസിലെ പാപ്പച്ചൻ എറണാകുളം ചീഫ്​ ജ​ുഡീഷ്യൽ മജിസ്​ത്രേട്ടിനെ സമീപിച്ചതോടയാണ്​ കേസിന്‍റെ തുടക്കം. തുടർന്ന്​ മജിസ്​ത്രേട്ട്​ മേൽനടപടിക്കായി ആ പരാതി എറണാകുളം സെൻട്രൽ പൊലീസ്​ സ്​റ്റേഷന്​ കൈമാറി. അതിന്‍റെ അടിസ്ഥാനത്തിൽ 2019ൽ വിവിധ വകുപ്പുകൾ പ്രകാരം എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്തു.

കേരള സർക്കാർ ആദ്യം അന്വേഷണത്തിന്​ നിയോഗിച്ച എറണാകുളം അസിസ്റ്റന്‍റ്​ കമീഷണർ 2019 ഏപ്രിൽ 11മുതൽ 2020 ജനുവരി 20 വരെ അന്വേഷണം നടത്തിയെന്നും അതിന്​ ശേഷം ജനുവരി 20 മുതൽ കൊച്ചി ക്രൈംബ്രാഞ്ച്​ അസിസ്റ്റന്‍റ്​ കമീഷണർ അന്വേഷിച്ചുവെന്നും അതിലും തട്ടിപ്പ്​ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കേരള സർക്കാർ ബോധിപ്പിച്ചു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹരജിയിൽ കക്ഷി ചേർന്ന്​ ഹൈകോടതി വിധിയിലെ പരാമര്‍ശങ്ങള്‍ക്ക് എതിരെ സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയും നല്‍കിയ ഹരജികളും ജസ്റ്റിസ്​ ദിനേശ്​ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള ബെഞ്ച്​ പരിഗണിക്കും. 

Tags:    
News Summary - Syro Malabar Church land deal: clean chit to Cardinal Alencherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.