തിരുവനന്തപുരം: കോൺഗ്രസ് ബന്ധം അവസാനിപ്പിക്കാൻ പ്രഫ. കെ.വി. തോമസ് മാനസികമായി ഉറച്ചെങ്കിലും തിരക്കിട്ട് നടപടിയെടുത്ത് അദ്ദേഹത്തിന് രക്തസാക്ഷി പരിവേഷം നൽകാൻ പാർട്ടി തയാറാകില്ല. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയെന്ന് വരുത്തി പരമാവധി വൈകിപ്പിച്ചായിരിക്കും അച്ചടക്കനടപടിയുടെ കാര്യത്തില്‍ തീരുമാനം. നടപടി വൈകിപ്പിക്കുന്നതിലൂടെ അവിടെയും ഇവിടെയും ഇല്ലാത്ത സ്ഥിതിയുണ്ടാക്കി കെ.വി. തോമസിന്‍റെ പ്രസക്തി നഷ്ടപ്പെടുത്തുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. അതേസമയം, തോമസിന് പാർട്ടി ഇത്രയേറെ പദവികൾ നൽകിയിട്ടും അദ്ദേഹത്തിന്‍റെ അധികാരക്കൊതി അവസാനിക്കാത്തത് ഉയർത്തിക്കാട്ടി ശക്തമായ പ്രചാരണം ഇക്കാലയളവിൽ നടത്തി വിടചൊല്ലലിന്‍റെ കോട്ടം തീർക്കാനും കോൺഗ്രസ് ശ്രമിക്കും.
നേതൃത്വത്തിനെതിരെ വിമർശനത്തിന്‍റെ കെട്ടഴിച്ചപ്പോഴും കോൺഗ്രസുകാരനായി തുടരുമെന്ന അദ്ദേഹത്തിന്‍റെ നിലപാട് പുറത്താക്കപ്പെടുന്നതിലൂടെ ലഭിക്കാവുന്ന രക്തസാക്ഷി പരിവേഷം ഉന്നമിട്ടുള്ള തന്ത്രമാണ്. പുറത്താക്കലിന്റെ പേരില്‍ ബലിയാട് പ്രതിച്ഛായയോടെ സി.പി.എമ്മുമായി സഹകരിക്കാമെന്നാണ് തോമസിന്റെ തന്ത്രമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.
സെമിനാറില്‍ തോമസ് പങ്കെടുത്താല്‍ അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം എ.ഐ.സി.സിക്ക് റിപ്പോര്‍ട്ട് നല്‍കും. തോമസിനോട് വിശദീകരണം ചോദിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് വരുത്തി പരമാവധി വൈകിപ്പിച്ചായിരിക്കും നടപടിയുടെ കാര്യത്തില്‍ തീരുമാനം. ഒരുകാലത്ത് സംസ്ഥാന കോൺഗ്രസിനെ ലത്തീൻ സമുദായവുമായി ഇഴയടുപ്പമുണ്ടാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവാണ് കെ.വി. തോമസ്.
അതിനാൽതന്നെ സമുദായാംഗങ്ങളുടെ പിന്തുണ പാർട്ടിക്ക് നഷ്ടമാകാതിരിക്കാനുള്ള മുൻകരുതൽ നേതൃത്വത്തിൽനിന്ന് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.