ചാവക്കാട്: വായ്പ അനുവദിക്കാമെന്ന് വിശ്വസിപ്പിച്ച് തീരമേഖലയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് തമിഴ്നാട് സ്വദേശികളായ സംഘം മുങ്ങി. എടക്കഴിയൂർ മേഖലയിൽനിന്ന് മാത്രം 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് സംശയം.
എടക്കഴിയൂർ പഞ്ചവടിയിൽ നിർധന കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലെത്തിയ സംഘം തങ്ങൾ കോവൈ ഗാന്ധിപുരം ജയം ഫൈനാൻസിയേഴ്സിലെ ജീവനക്കാരാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. തുടർന്ന് ആവശ്യക്കാർക്ക് നാൽപതിനായിരം മുതൽ ഒരുലക്ഷം രൂപ വരെ വായ്പ നൽകാമെന്ന് അറിയിച്ചു.
രജിസ്ട്രേഷൻ ഫീസായി ഒരാളിൽനിന്ന് 650 മുതൽ 1500 രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് അടപ്പിച്ചു. സിറ്റി യൂനിയൻ ബാങ്കിെൻറ തമിഴ്നാട് തൊറൈപാക്കം ബ്രാഞ്ചിലേക്കാണ് തുക അടപ്പിച്ചത്. വായ്പ അനുവദിക്കേണ്ട തുകക്ക് അനുസരിച്ചുള്ള രജിസ്ട്രേഷൻ തുക അക്കൗണ്ടിൽ അടക്കുന്ന ദിവസം തന്നെ വായ്പ തുക ലഭിക്കുമെന്നാണ് അറിയിച്ചിരുന്നതെന്ന് തട്ടിപ്പിനിരയായ സംഘത്തിലെ ഷമീറ പറഞ്ഞു.
ഇതോടെ തീരമേഖലയിലെ 20 മുതൽ 50 വരെ അംഗങ്ങളുള്ള വിവിധ വനിത സംഘങ്ങൾ രജിസ്ട്രേഷൻ തുക ഗുരുവായൂരിലെ സിറ്റി യൂനിയൻ ബാങ്ക് ബ്രാഞ്ചിലെത്തി അടച്ചു. തുടർന്ന് രജിസ്ട്രേഷൻ ഫീസ് അടച്ച വിവരം തമിഴ്നാട് സംഘത്തെ ഫോണിൽ അറിയിച്ചതോടെ ലോണായി അനുവദിച്ച തുകയുമായി ഉടൻ എത്താമെന്നായിരുന്നു മറുപടി.
എന്നാൽ, ഏറെ കാത്തിരുന്നിട്ടും കാണാതിരുന്നതോടെ ഫോണിൽ വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചതെന്ന് തട്ടിപ്പിനിരയായ അൻസിയ പറഞ്ഞു.
നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം മേഖലയിൽനിന്ന് ഇത്തരത്തിൽ ലക്ഷങ്ങൾ തട്ടിയെടുത്തതായി അറിയുന്നത്. ചാവക്കാട് പൊലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് തട്ടിപ്പിനിരയായവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.