തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് ബി.ജെ.പി പണമിറക്കിയെന്ന കേരള പൊലീസിെൻറ എഫ്.ഐ.ആറിൽ തമിഴ്നാട് പൊലീസും അന്വേഷണം തുടങ്ങി. തമിഴ്നാട് കൊങ്കണാപുരം പൊലീസ് തൃശൂരിലെത്തി കൊടകര കുഴൽപണ കവർച്ച കേസിെൻറ എഫ്.ഐ.ആർ ശേഖരിച്ചു.
കൊടകര കേസിെൻറ അന്വേഷണത്തിനിടയിലാണ് സേലത്തും പണം കവർന്നുവെന്ന് പണം കടത്തിയ ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജൻ മൊഴി നൽകിയത്. ഇക്കാര്യം ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തമിഴ്നാട് പൊലീസ് അന്വേഷണം തുടങ്ങിയത്. കൊടകര കേസ് അന്വേഷിക്കുന്ന സംഘത്തിൽനിന്ന് തമിഴ്‌നാട് പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
ഇക്കഴിഞ്ഞ മാർച്ച് ആറിന് ബഗളൂരുവിൽനിന്ന് പാലക്കാട്ടേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി കൊണ്ടുവന്ന 4.4 കോടിയാണ് സേലം കൊങ്കണാപുരത്ത് കവർന്നത്. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പണം കടത്തിയ കേസിലുൾപ്പെട്ട ധർമരാജെൻറ സഹോദരൻ ധനരാജെൻറ നേതൃത്വത്തിലാണ് തമിഴ്നാട്ടിൽ പണം കൊണ്ടുവന്നത്. കൊടകരക്ക് സമാനമായി വാഹനം തട്ടിയെടുത്ത് പണം കവർന്ന് കാർ ഉപേക്ഷിക്കുകയായിരുന്നു.
ഈ വാഹനം ഇപ്പോഴും കൊങ്കണാപുരം പൊലീസ് സ്റ്റേഷന് മുന്നിൽ ഉണ്ടെന്ന് കൊടകര കേസിെൻറ കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഉപേക്ഷിച്ച നിലയിൽ കണ്ട കാറിെൻറ രജിസ്ട്രേഷൻ നോക്കി ഉടമക്ക് നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. പൊലീസിൽ ആരും പരാതി നൽകാതിരുന്നതിനാൽ അന്വേഷണവും നടത്തിയില്ല. അതിനിടക്കാണ് കൊടകര കേസിെൻറ വിശദാംശങ്ങൾ തമിഴ്നാട് പൊലീസിന് ലഭിച്ചത്. കേരളത്തിലേക്കുള്ള പണക്കടത്തിനൊപ്പം തമിഴ്നാട്ടിൽ പണം എത്തിച്ച കേസുകൂടി വരുന്നത് ബി.ജെ.പിയെ കൂടുതൽ പ്രതിസന്ധിയിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.