ന്യൂഡൽഹി/ചെന്നൈ: ഗവർണർ ആർ.എൻ. രവിയുമായി ഉടക്കി നിൽക്കുന്ന തമിഴ്നാട് സർക്കാർ വിവരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ധരിപ്പിച്ചു.
സംസ്ഥാന നിയമ മന്ത്രി എസ്. രഘുപതിയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ സന്ദർശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിവേദനം കൈമാറി. എന്നാൽ, നിവേദനത്തിലെ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും ഇക്കാര്യം മുഖ്യമന്ത്രിക്ക് മാത്രമെ അറിയുകയുള്ളൂവെന്നും ഡി.എം.കെ പാർലമെൻററി പാർട്ടി നേതാവ് ടി.ആർ. ബാലു മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിവേദനത്തിൽ ഉചിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാടിനെ ‘നീറ്റ്’ പരീക്ഷയിൽ നിന്ന് ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാറുമായി കടുത്ത അഭിപ്രായ ഭിന്നതയുണ്ടായിരുന്ന ഗവർണർ ആർ.എൻ. രവി തിങ്കളാഴ്ച നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗമാണ് പുതിയ പോർമുഖം തുറന്നത്.
കീഴ്വഴക്കം ലംഘിച്ച് സംസ്ഥാന സർക്കാറിന്റെ നയപ്രഖ്യാപന രേഖയിലെ പല വാചകങ്ങളും ഒഴിവാക്കിയാണ് ഗവർണർ വായിച്ചത്. ഇതോടെ പ്രസംഗത്തിന്റെ പൂർണരൂപം രേഖയിലുണ്ടാവണമെന്ന് നിർദേശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കിയതോടെ ഗവർണർ ഇറങ്ങിപ്പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.