ശാന്തപുരം: ഒരുവീടിന്‍റെ മുറ്റത്ത് കളിച്ചുല്ലസിച്ച് നടന്നിരുന്ന ആ കുഞ്ഞുമക്കൾ അന്ത്യയാത്രയിലും ഒരുമിച്ചു. താനൂർ ബോട്ടപകടത്തിൽ മരിച്ച പട്ടിക്കാട് കോക്കാട് സ്വദേശികളായ സഹോദരങ്ങളുടെ കുട്ടികൾക്ക് ശാന്തപുരം ഗ്രാമം കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. പെരിന്തൽമണ്ണക്കടുത്ത് പട്ടിക്കാട് കോക്കാട് സ്വദേശികളായ വയങ്കര വീട്ടിൽ നവാസിന്‍റെ മകൻ അൻഷിദ് (12), ഹസീമിന്‍റെ മകൻ അഫ്ലഹ് (ഏഴ്) എന്നിവരുടെ മൃതദേഹങ്ങൾ ശാന്തപുരം മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
രാവിലെ 7.30ഓടെ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. അൽപസമയം വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ഖബർസ്ഥാനിലേക്ക് കൊണ്ടുപോയി.
വെള്ളിയാഴ്ചയാണ് കുട്ടികളുടെ അമ്മായിയുടെ വീട്ടിലേക്ക് അഫ്ലഹും അഫ്താബും മാതാവ് അസീജയും അൻഷിദും വേനലവധിക്ക് വിരുന്ന് പോയത്. ഇവർ ഞായറാഴ്ച തന്നെ തിരിച്ചുപോരാനാണ് കരുതിയിരുന്നത്. എന്നാൽ, ബോട്ടിൽ ഉല്ലാസയാത്രക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. അസീജയും അഫ്താബും (രണ്ട്) അപകടത്തിൽപ്പെട്ട് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവർ തിങ്കളാഴ്ച തന്നെ ആശുപത്രി വിട്ടു.
നവാസിന്‍റെയും ഹസീമിന്‍റെയും ഏക സഹോദരിയായ ലുബീനയുടെ എടരിക്കോട് ക്ലാരിയിലെ വീട്ടിലേക്ക് വിരുന്നു പോയതായിരുന്നു അപകടത്തിൽപ്പെട്ടവർ. ലുബീന, ഭർത്താവ് നൗഷാദ്, മകൾ എന്നിവരും അപകടത്തിൽപെട്ട ബോട്ടിൽ ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. ഈ കുടുംബത്തിലെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. അൻഷിദിന്‍റെ പിതാവ് നവാസ് പ്രവാസിയായിരുന്നു. ഹസീമിന് അലൂമിനിയം ഫാബ്രിക്കേഷൻ ജോലിയാണ്.
മുള്ള്യാകുർശ്ശി എ.എം.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് അഫ്ലഹ്. മുള്ള്യാകുർശ്ശി പി.ടി.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അൻഷിദ്. അൻഷിദിന്‍റെ മാതാവ്: ഫസീജ. സഹോദരങ്ങൾ: അൽസാബിത്ത്, സാബിഹ്. അഫ്ലഹിന്‍റെ മാതാവ് അസീജ. സഹോദരൻ: അഫ്താബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.