മലപ്പുറം: താനൂർ പൊലീസിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ശരിവെച്ചതായി സൂചന. കസ്റ്റഡി കൊലക്കേസ് ഏറ്റെടുത്തതിനുശേഷം സി.ബി.ഐ സംഘം ഡൽഹി എയിംസിന്റെ സഹായം തേടിയിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റു പരിശോധന ഫലങ്ങളുമാണ് സി.ബി.ഐ സംഘം വിദഗ്ധ പരിശോധനക്കയച്ചത്. പോസ്റ്റ്മോർട്ട സമയത്ത് എടുത്ത ഫോട്ടോകളും ഫോറന്‍സിക് സർജന്റെ കുറിപ്പുകളും ഡിജിറ്റൽ രേഖകളും പരിശോധനക്ക് അയച്ചിരുന്നു. പരിശോധനയിൽ ഫോറൻസിക് സർജന്റെ കണ്ടെത്തലുകൾ എയിംസ് വിദഗ്ധ സംഘം ശരിവെക്കുന്ന റിപ്പോർട്ട് കൈമാറിയെന്നാണ് ലഭ്യമായ വിവരം.
കൊല്ലപ്പെട്ട താമിർ ക്രൂരമർദനത്തിന് ഇരയായെന്നും മർദനം മരണത്തിലേക്ക് നയിച്ചുവെന്നുമായിരുന്നു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ഈ കണ്ടെത്തലുകളെല്ലാം സി.ബി.ഐ നടപടിക്രമങ്ങളുടെ ഭാഗമായാണ് എയിംസ് വിദഗ്ധ സംഘത്തിന് പരിശോധനക്ക് നൽകിയത്. കേസിൽ നാല് പൊലീസുകാരെ സി.ബി.ഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ മർദനത്തിലാണ് താമിർ കൊല്ലപ്പെട്ടതെന്ന് സി.ബി.ഐ റിമാൻഡ് റിപ്പോർട്ടിലും ചൂണ്ടിക്കാണിച്ചതായി വിവരങ്ങൾ വന്നിരുന്നു.
2023 ആഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിർ കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമപോരാട്ടത്തിനും പ്രതിഷേധങ്ങൾക്കും മാധ്യമവാർത്തകൾക്കും ഒടുവിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.