മലപ്പുറം: താനൂരിലെ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസിൽ പ്രതികളായ നാല് പൊലീസുകാരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സി.പി.ഒ ജിനേഷ്, രണ്ടാം പ്രതി ആല്ബിന് അഗസ്റ്റിന്, മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി വിപിന്‍ എന്നിവരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
ആല്ബിന് അഗസ്റ്റിനെ നീണ്ടുകരയിലെ വീട്ടില്‍ നിന്നും അഭിമന്യുവിനെ താനൂരിലെ താമരക്കുളത്ത് നിന്നും വിപിന്‍, ജിനേഷ് എന്നിവരെ വള്ളിക്കുന്നില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് അറസ്റ്റ് നടക്കുന്നത്.
കഴിഞ്ഞ വർഷം ആഗസ്റ്റ് ഒന്നിനായിരുന്നു എം.ഡി.എം.എ കൈവശം വെച്ചെന്ന കേസിൽ തിരൂരങ്ങാടി മമ്പുറം സ്വദേശി താമിർ ജിഫ്രിയെയും കൂടെയുള്ളവരെയും മലപ്പുറം എസ്.പിയുടെ കീഴിലുള്ള ലഹരിവിരുദ്ധ കർമസേനയായ ഡാൻസാഫ് ടീം കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ഒന്നിന് പുലർച്ചെ താമിർ ജിഫ്രി കൊല്ലപ്പെട്ടു.
ക്രൂരമർദനമേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ മർദനത്തെത്തുടർന്നാണ് മരണമെന്നായിരുന്നു ആരോപണം. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഡാൻസാഫ് ടീമംഗങ്ങളായ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
നാല് പൊലീസുകാർക്കെതിരെ കൊലപാതക കുറ്റവും ചുമത്തി. പ്രതിഷേധം ശക്തമായതോടെയാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.