കോഴിക്കോട്: അട്ടപ്പാടിയിൽ കോട്ടത്തറ വില്ലേജിൽ ഒരു ഭൂമിക്ക് രണ്ടു പേർക്ക് നികുതി രസീത്. ചിന്നത്തടാകം സ്വദേശി കറുപ്പസ്വാമി പരാതി നൽകിയതിനെ തുടർന്ന് വില്ലേജ് ഫിസർ പരിശോധന നടത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇത് സംബന്ധിച്ച് കോട്ടത്തറ വില്ലേജ് ഓഫീസർ അട്ടപ്പാടി ട്രൈബൽ തഹസീതാർക്ക് റിപ്പോർട്ടും നൽകി. അട്ടപ്പാടിയിൽ വ്യാജ ആധാരം നിർമിച്ച് ഭൂമി തട്ടിപ്പ് നടത്തുന്നതിന് ഉദാഹരണമാണ് ഈ റിപ്പോർട്ട്.
കോട്ടത്തറ വില്ലേജ് ഓഫീസർ തയാറാക്കിയ റിപ്പോർട്ട് പ്രകാരം ചിന്നത്തടാകം സ്വദേശി കറുപ്പസ്വാമിയുടെ പേരിൽ സർവേ നമ്പർ 620 ൽ 2.83 ഹെക്ടർ സ്ഥലത്തിന് ഭൂനികുതി അടച്ചിരുന്നു. സ്ഥലപരിശോധനയിൽ ഈ ഭൂമി വില്ലേജിലെ ചിന്ന കള്ളക്കര എന്ന സ്ഥലത്താണ്. സർവേ നമ്പർ 620ൽ പെട്ട 2.83 ഹെക്ടർ ഭൂമിക്ക് കോട്ടത്തറ വില്ലേജിൽ നിന്നും 1995, 2011, എന്നീ വർഷങ്ങളിൽ കറുപ്പസ്വാമിയുടെ പേരിൽ നികുതിയടച്ച് നൽകിയിരുന്നു. 2014 ൽ നൽകിയ കൈവശ സർട്ടിഫിക്കറ്റും കറുപ്പസ്വാമി ഹാജരാക്കി.
എന്നാൽ, സ്ഥലത്തിൻറെ അവകാശം തെളിയിക്കുന്ന മറ്റു രേഖകൾ ഒന്നും കറുപ്പസ്വാമിക്ക് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. വില്ലേജിലെ എ ആൻഡ് ബി രജിസ്റ്റർ പ്രകാരം സർവേ നമ്പർ 620ൽ ഉൾപ്പെട്ട ഈ ഭൂമി മണ്ണാർക്കാട് മൂപ്പിൽ നായരുടെ പേരിലാണ്. പ്രാദേശിക അന്വേഷണം നടത്തിയതിലും വില്ലേജ് രേഖകൾ പരിശോധിച്ചതിലും ഈ സർവേ നമ്പറിലെ സ്ഥലത്തിന് കോട്ടത്തറ അഗ്രി പ്രൊഡക്ട് ഡയറക്ടർ ലീലാ നായരുടെ പേരിൽ നികുതി അടച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
അഗ്രി പ്രൊഡക്ട് അധികൃതർ ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിൽ സർവ്വേ നമ്പർ 620 ഉൾപ്പെട്ട അഞ്ചേക്കർ സ്ഥലത്തിന് കിസാൻ എന്ന് വിളിക്കുന്ന കറുപ്പൻ അഗളി ലാൻഡ് ട്രൈബ്യൂണലിൽ നിന്നും 1978ൽ പട്ടയം ലഭിച്ചതാണ്. കറുപ്പന്റെ മരണശേഷം അദ്ദേഹത്തിൻറെ അവകാശികളായ കുപ്പത്താൾ, സുബയ്യൻ, രംഗസ്വാമി എന്നിവർ 1995 ൽ കമ്പനിക്ക് കൈമാറ്റം ചെയ്തു. അഗളി സബ് രജിസ്ട്രാർ ഓഫീസിലെ ആധാര പ്രകാരമാണ് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നത്. കോട്ടത്തറ അഗ്രി പ്രൊഡക്ട് കമ്പനിയുടെ ആധാരങ്ങൾ പ്രകാരം നികുതി അടക്കുന്ന ഭൂമി തന്നെയാണ് അപേക്ഷകൻ നികുതി അടച്ചു നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
വിവാദ ഭൂമി കാഴ്ചയിൽ കൃഷിയോ മറ്റു നിർമിതികളോ ഇല്ലാതെ വ്യക്തമായ അതിരുകൾ വേർതിരിക്കാതെ കാടുപിടിച്ച് കിടക്കുന്ന സ്ഥലമാണ്. ആരുടെ കൈവശത്തിലാണെന്ന് തിട്ടപ്പെടുത്താൻ കഴിയാത്ത രീതിയിലുള്ള ഭൂമിയാണിത്. ആധാരങ്ങളുടെ അടിസ്ഥാനത്തിൽ നികുതി അടച്ചു വരുന്ന കമ്പനിയുടെ പേരുള്ള ഭൂമിയാണ്. അതേസമയം, അപേക്ഷകന്റെ കൈവശം നികുതി അടച്ച പഴയ രസീത് അല്ലാതെ മറ്റു രേഖകൾ ഒന്നുമില്ലാത്ത സാഹചര്യത്തിൽ നികുതി അടച്ചു നൽകാൻ നിർവാഹമില്ലെന്ന് അറിയിച്ചു.
ഒരേ ഭൂമിക്ക് വ്യത്യസ്ത കക്ഷികൾ അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിൽ ഈ സ്ഥലവുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പരിശോധിച്ചും ഇരു കക്ഷികളെയും നേരിൽകേട്ടും തീരുമാനമെടുക്കാമെന്നാണ് വില്ലേജ് ഓഫിസർ തഹസിൽദാർക്ക് നൽകിയ റിപ്പോർട്ട്. അതേസമയം കോട്ടത്തറ അഗ്രി പ്രൊഡക്ട് കമ്പനിയെക്കുറിച്ച് ആർക്കുമറിയില്ലെന്ന് ആദിവാസികൾ സംഘനാ നേതാക്കൾ മാധ്യമം ഓൺലൈനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.