മഹേഷ് ഗോപാലന് മോതിരം കൈമാറുന്നു

കളഞ്ഞുകിട്ടിയത് ഒരു പവന്‍റെ നവരത്ന മോതിരം; പഴ്സാണ് കിട്ടിയതെന്ന് ഹോട്ടലിൽ പറഞ്ഞു, യഥാർഥ ഉടമക്കായി മഹേഷ് കാത്തിരുന്നു

ആലുവ: കളഞ്ഞുകിട്ടിയ നവരത്ന മോതിരം ഉടമക്ക് തിരിച്ചുനൽകി സത്യസന്ധതയുടെ മാതൃകയായി ടാക്സി ഡ്രൈവർ. എറണാകുളം കിഴക്കെ കടുങ്ങല്ലൂർ ഗിഗോമ വില്ലയിലെ മഹേഷാണ് മാതൃകയായത്. ടാക്സി ഡ്രൈവറായ ഈ ചെറുപ്പക്കാരൻ    കോവിഡ് മൂലമുള്ള ദുരിത ജീവിതത്തിനിടയിലും സത്യസന്ധത കൈവിട്ടില്ല.

കഴിഞ്ഞ ദിവസം കിഴക്കെ കടുങ്ങല്ലൂരിൽ നിന്നും കൊട്ടാരക്കരക്ക് ഓട്ടം പോയി തിരിച്ചു വരുംവഴി ഭക്ഷണം കഴിക്കാൻ  ഹോട്ടലിൽ കയറിയപ്പോഴാണ്  നവരത്ന മോതിരം മഹേഷിന് കളഞ്ഞുകിട്ടിയത്. ദൂരസ്ഥലത്തായതിനാൽ ഹോട്ടലിൽ ഏൽപ്പിച്ചാൽ യഥാർഥ ഉടമക്ക് കിട്ടുമോ എന്ന സംശയം ഉള്ളിൽ തോന്നിയ മഹേഷ് തനിക്ക് ഒരു പഴ്സ് കളഞ്ഞുകിട്ടിയതായി ഹോട്ടലുടമയെ അറിയിക്കുകയും ആരെങ്കിലും തേടി വരികയാണങ്കിൽ തന്നെ വിളിക്കാൻ പറഞ്ഞ് ഫോൺ നമ്പർ നൽകുകയും ചെയ്തു.

ആലുവ എത്താറായപ്പോഴേക്കും മഹേഷിന്‍റെ ഫോണിലേക്ക് പുത്തൂർ സ്വദേശിയായ ഗോപാലൻ എന്നയാൾ വിളിച്ചു. ആഹാരം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച്  തന്‍റെ നവരത്ന മോതിരം നഷ്ടപെട്ടതായി അറിയിച്ചു. ഹോട്ടലിൽ തിരക്കിയപ്പോൾ മോതിരം കിട്ടിയ വിവരം അറിയില്ലെന്നും ഒരു ടാക്സി ഡ്രൈവർക്ക് പേഴ്സ് കളഞ്ഞുകിട്ടിയെന്നും അറിയിക്കുകയായിരുന്നു. ഹോട്ടലുടമയാണ് മഹേഷിന്‍റെ നമ്പർ കൊടുത്തത്.

തൻ്റെ പഴ്സല്ല ഒരു പവൻ വരുന്ന നവരത്ന മോതിരമാണ് നഷ്ടപെട്ടതെന്നും ഗോപാലൻ പറഞ്ഞു. ഇയാൾ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെട്ട മഹഷ് തനിക്ക് മോതിരം തന്നെയാണ് കിട്ടിയതെന്ന് അറിയിച്ചു. താൻ ആലുവ എത്താറായെന്ന് പറഞ്ഞപ്പോൾ താൻ കിഴക്കെ കടുങ്ങല്ലൂരിൽ വന്ന് മോതിരം വാങ്ങിക്കോളാമെന്ന് ഗോപാലൻ  പറഞ്ഞു. അത് പ്രകാരം ഇന്നലെ ഉച്ചയോടെ അദ്ദേഹം സ്ഥലത്തെത്തുകയും മഹേഷ് മോതിരം കൈമാറുകയും ചെയ്തു.  

Tags:    
News Summary - Taxi driver Mahesh as an example of honesty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.