വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കാനുള്ള സർക്കാർ തീരുമാനത്തിൽ വ്യത്യസ്ത പ്രതികരണവുമായി അധ്യാപക സംഘടനകൾ. സർക്കാർ തീരുമാനത്തോടൊപ്പം നിൽക്കുമെന്ന് ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ വ്യക്തമാക്കി. അതേസമയം, വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പട്ടിക ആദ്യം പുറത്തുവിടണമെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി പറയുന്ന കണക്ക് കള്ളമാണെന്നായിരുന്നു ലീഗ് അധ്യാപക സംഘടനയായ കെ.എസ്.ടി.യുവിന്‍റെ അഭിപ്രായം.
വാക്സിനെടുക്കാത്തവരുടെ പേര് പുറത്തുവിടാതെ അധ്യാപകരെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് കെ.പി.എസ്.ടി.എ ചൂണ്ടിക്കാട്ടിയത്. ആരോഗ്യകാരണങ്ങളാൽ മാറിനിൽക്കുന്നവർ ചുരുക്കം പേർ മാത്രമാണെന്നും അവർക്ക് ബോധവത്കരണം നൽകാൻ തയാറാണെന്നും കെ.എസ്.ടി.യു വ്യക്തമാക്കി.
5000ത്തോളം അധ്യാപകർ വാക്സിനെടുത്തില്ലെന്നാണ് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് വിദ്യാഭ്യാസവകുപ്പ് നീക്കം തുടങ്ങിയിരിക്കുകയാണ്. ചില അധ്യാപകർ ആരോഗ്യപ്രശ്നങ്ങൾ പറയുന്നുണ്ടെങ്കിലും കൂടുതൽ പേരും മതിയായ കാരണമില്ലാത്തവരാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിലയിരുത്തൽ. ദുരന്തനിവാരണ വകുപ്പുമായി ആലോചിച്ച് വകുപ്പുതല നടപടി ആലോചനയിലാണ്. ഇതിനായി ജില്ല തിരിച്ചുള്ള കണക്ക് ശേഖരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.