റിട്ട. അധ്യാപകരുടെ റിസോഴ്സ് ബാങ്ക്; പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽനിന്ന് റിട്ടയർ ചെയ്ത പ്രഗത്ഭ റിസോഴ്സ് അധ്യാപകരുടെ റിസോഴ്സ് ബാങ്ക് രൂപവത്കരിക്കുമെന്നും അവരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. റിട്ടയർമെന്‍റ് പ്രായപരിധിയായ 56 വയസ് മനുഷ്യായുസിൽ താരതമ്യേന ചെറുപ്പമാണ്.

സർവിസിൽനിന്ന് പുറത്തുപോയാലും സേവന സന്നദ്ധരായ അധ്യാപകരിൽ പലരും സൗജന്യമായി പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി പരിഗണിക്കും. സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുരസ്‌കാര ജേതാക്കളായ അധ്യാപകരുടെ നിർദേശങ്ങൾ കൂടി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കേൾക്കുന്നതിന് ഈ അധ്യാപകരെ ഉൾക്കൊള്ളിച്ച് ശിൽപശാല സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനും പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റി പരിശോധിച്ച് ജില്ലതല സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ പ്രൈമറി തലത്തില്‍ 14 അധ്യാപകരേയും സെക്കൻഡറിതലത്തില്‍ 13 അധ്യാപകരേയും (തൃശ്ശൂര്‍ ജില്ലയില്‍നിന്ന് എന്‍ട്രി ലഭിച്ചിട്ടില്ല), ഹയർ സെക്കൻഡറി തലത്തില്‍ ഒമ്പത് അധ്യാപകരേയും, വൊക്കേഷനല്‍ ഹയർ സെക്കൻഡറി വിഭാഗത്തില്‍ അഞ്ച് അധ്യാപകരേയും 2021 വര്‍ഷത്തെ സംസ്ഥാനതല അധ്യാപക പുരസ്കാരത്തിനായി തെരഞ്ഞെടുത്തു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അവാര്‍ഡ് ജേതാക്കള്‍ക്ക് 10,000 രൂപയും പ്രശസ്തി പത്രവും ശില്പവും മന്ത്രി വിതരണം ചെയ്തു. അധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള 2020 വര്‍ഷത്തെ പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡിൽ സര്‍ഗാത്മക സാഹിത്യത്തില്‍ ഡി. ഷാജിയും വൈജ്ഞാനിക സാഹിത്യത്തില്‍ ഡോ. പി. സുരേഷും ബാലസാഹിത്യത്തില്‍ എം. കൃഷ്ണദാസും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സര്‍ഗാത്മകത പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിദ്യാരംഗം അവാര്‍ഡും വിതരണം ചെയ്തു. മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Teachers' Resource Bank announced by Public Education Minister V. Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.