തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 200 അധ്യയന ദിനങ്ങൾ ഉറപ്പുവരുത്താൻ അധ്യാപക പരിശീലനങ്ങൾ കഴിവതും പ്രവൃത്തിദിവസങ്ങളിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പദ്ധതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസമേളകളും മറ്റും ശനിയാഴ്ചകൂടി ഉള്‍പ്പെടുത്തി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പഠനദിനങ്ങളിലോ, പഠന സമയങ്ങളിലോ അധ്യാപകരെ മറ്റു ജോലിക്ക് നിയോഗിക്കരുതെന്ന് സ്ഥാപനമേധാവികളോട് നിര്‍ദേശിച്ചിട്ടുണ്ട്. 200 പഠനദിനവും 1000 പഠനമണിക്കൂറുകളും വേണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഈ ദിവസങ്ങള്‍ കണക്കാക്കിയാണ് പുസ്തകങ്ങളിലെ ഉള്ളടക്കവും പഠന പ്രവര്‍ത്തനവും തയാറാക്കിയിട്ടുള്ളത്.
അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് 138 വിദ്യാലയങ്ങളുടെ വിശദമായ പദ്ധതിരേഖ കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇവയില്‍ 113 സ്കൂളുകള്‍ക്ക് കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചു. ഇതുവഴി 565 കോടി രൂപയാണ് ലഭിക്കുക. 25 സ്കൂളുകള്‍ക്ക് ഉടൻ കിഫ്ബി അനുമതി ലഭിക്കുന്നതോടെ 125 കോടി രൂപ ലഭിക്കും. 117 സ്കൂളുകളുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് ഡിസംബര്‍ മാസത്തിനകം കിഫ്ബിക്ക് സമര്‍പ്പിക്കും. 2019 ജനുവരിയില്‍ അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയാക്കും.
1200 പൊതു വിദ്യാലയങ്ങളില്‍ ജൈവ വൈവിധ്യ പാര്‍ക്ക് സ്ഥാപിക്കുന്നതിന് സ്കൂളുകള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ആദ്യഘട്ടമായി 761 സ്കൂളുകള്‍ക്ക് 10,000 രൂപവീതം അനുവദിച്ചു. 400 സ്കൂളുകള്‍ക്ക് രണ്ടാം ഘട്ടത്തില്‍ തുക അനുവദിക്കും.
ഓരോ വിദ്യാലയവും അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. ജനുവരി 30നകം എല്ലാ സ്കൂളുകളിലും അക്കാദമിക് മാസ്റ്റര്‍ പ്ലാനുകള്‍ തയാറാകും. 4775 സ്കൂളുകളില്‍ 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കാൻ നടപടി ആരംഭിച്ചു. 493.5 കോടി രൂപ ഈ പദ്ധതിക്ക് കിഫ്ബി വഴി ലഭിക്കും. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി 60,250 ലാപ്ടോപ്പുകള്‍ക്കും 43,750 പ്രൊജക്ടറുകള്‍ക്കും ഓര്‍ഡര്‍ നല്കി.
മന്ത്രിമാരായ സി. രവീന്ദ്രനാഥ്, തോമസ് ഐസക്, കെ.കെ. ശൈലജ, കെ.ടി. ജലീല്‍, ആസൂത്രണ ബോര്‍ഡ് അംഗം കെ.എന്‍. ഹരിലാല്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എ. ഷാജഹാന്, സാമൂഹിക നീതി സെക്രട്ടറി ബിജു പ്രഭാകര്‍, എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, ഹയര്‍ സെക്കൻഡറി ഡയറക്ടര്‍ പി.കെ. സുധീര്‍ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.