ഇടുക്കി, വയനാട് പാക്കേജുകൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് സാങ്കേതിക സമിതി

തിരുവനന്തപുരം: ഇടുക്കി, വയനാട് വികസന പാക്കേജുകൾക്ക് കീഴിലുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് ജില്ലാതല സാങ്കേതിക സമിതി രൂപീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സാങ്കേതികാനുമതി നൽകുന്നതിനും, ടെണ്ടർ സ്വീകരിക്കുന്നതിനും, പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനും, പാക്കേജുകൾക്ക് കീഴിലുള്ള പ്രവൃത്തികൾക്ക് ടെൻഡർ എക്സസ് അനുവദിക്കുന്നതിനുമാണ് സമിതി രൂപീകരിക്കുന്നത്.

ഇടുക്കി ജില്ലയിലെ ഇടുക്കി, രാജകുമാരി, മുരിക്കാശ്ശേരി, നെടുങ്കണ്ടം, കരിമണ്ണൂർ, കട്ടപ്പന എന്നീ ആറ് പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും, തൃശൂർ ജില്ലയിലെ തൃശൂർ യൂനിറ്റ് നമ്പർ വൺ സ്പെഷ്യൽ തഹസിൽദാർ ഓഫീസിലെയും 203 താല്ക്കാലിക തസ്തികകൾക്ക്, മുരിക്കാശേരി, കട്ടപ്പന, രാജകുമാരി എന്നിവിടങ്ങളിലെ ഭൂമിപതിവ് ഓഫീസുകളുടെ പ്രവർത്തനത്തിന് വ്യവസ്ഥക്ക് വിധേയമായി 2024 ഏപ്രിൽ ഒന്ന് മുതൽ 2025 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകാനും തീരുമാനിച്ചു.

ഉരുള്‍പൊട്ടലിലും പേമാരിയിലും വീട് നിർമാണത്തിന് സംഭരിച്ച നിർമാണ സാമഗ്രികള്‍ നഷ്ടപ്പെട്ടു പോയതിനും സ്ഥലം വാസയോഗ്യമല്ലാതായതിനും പരിഹാരമായി അനുയോജ്യമായ സ്ഥലം വാങ്ങുന്നതിന് കോട്ടയം പൂവരണി സ്വദേശി സോബിച്ചന്‍ അബ്രഹാമിന് ആറ് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ചു. ഭൂമി ഉള്‍പൊട്ടല്‍ സാധ്യതാ പ്രദേശത്ത് ഉള്‍പ്പെട്ടിട്ടുള്ളതിനാലും പ്രസ്തുത സ്ഥലത്ത് നിർമാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുള്ളതിനാലും പ്രത്യേക കേസായി പരിഗണിച്ചാണ് ധനസഹായം.

ആശ്രിത നിയമനം നൽകും

തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ആരോമല്‍ ബി അനിലിന് തിരുവനന്തപുരത്ത് പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പൂച്ചെടിവിള പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലില്‍ വാച്ച്മാന്‍ തസ്തികയില്‍ നിയമനം നല്‍കും. അതിക്രമത്തിന് ഇരയായി മരണപ്പെടുന്ന പട്ടികജാതി, പട്ടികവർക്കാരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സവീസില്‍ ജോലി നല്‍കുന്ന പദ്ധതി പ്രകാരമാണിത്. ആരോമലിന്‍റെ പിതാവ് അനില്‍കുര്‍മാര്‍ 2016 ഡിസംബര്‍ 18 ന് ഒരു കൂട്ടം ആളുകളുടെ ആക്രമണത്തില്‍ മരണപ്പെട്ടിരുന്നു.

കൊല്ലം ചിതറ സ്വദേശി ബി.എ അഖിലക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി ഒഫീസിന് കീഴില്‍ എല്‍.ഡി ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കും. അതിക്രമത്തിന് ഇരയായി മരണപ്പെടുന്ന പട്ടികജാതി, പട്ടികവർഗക്കാരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സർവീസില്‍ ജോലി നല്‍കുന്ന പദ്ധതി പ്രകാരമാണിത്. അഖിലയുടെ പിതാവ് അശോക് കുമാര്‍ 2017 ഏപ്രില്‍ 23ന് ആക്രമണത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.

Tags:    
News Summary - Technical committee for timely implementation of Idukki and Wayanad packages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.