തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ മരണത്തെകുറിച്ച് അന്വേഷിക്കാൻ ചാൻസലർ കൂടിയായ ഗവർണർ നിയമിച്ച കമീഷൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് റിപ്പോർട്ട് സമർപ്പിച്ചു. ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് എ. ഹരിപ്രസാദാണ് ആണ് അന്വേഷണ കമീഷൻ. സിദ്ധാർത്ഥന്റെ മരണത്തിന് പിന്നിൽ കുറ്റകൃത്യം ചെയ്തവർ ആരാണെന്നോ വിദ്യാർഥികൾക്ക് കാമ്പസിനുപുറത്ത് സംരക്ഷണം ഒരുക്കിയതായി പറയുന്ന സംഘടന ഏതാണെന്നോ ഹോസ്റ്റൽ ചുമരുകളിൽ എഴുതിവച്ചിട്ടുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ആരുടേതെന്നോ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. അതേസമയം, മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് വിസിക്കും ഡീനിനും ഒഴിഞ്ഞു മാറാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോർട്ടിൽ ഇരുവർക്കുമെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു.
മരണത്തെക്കുറിച്ച് അന്വേഷിച്ച സി.ബി.ഐ കുറ്റപത്രം ഹൈകോടതിയിൽ നൽകിയതിന് പിന്നാലെയാണ് കമീഷന്റെ റിപ്പോർട്ട്. മേയ് 29നാണ് കമീഷൻ പ്രവർത്തനം ആരംഭിച്ചത്. മൂന്നുമാസമായിരുന്നു റിപ്പോർട്ട് നൽകാൻ സമയം അനുവദിച്ചിരുന്നത്. മൂന്നുമാസം ജയിലിൽ റിമാൻഡിൽ ആയിരുന്ന വിദ്യാർഥികൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ജാമ്യം അനുവദിച്ചിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏതാനും വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതിയും ലഭിച്ചു. വൈസ് ചാൻസലർ, സിദ്ധാർത്ഥന്റെ മാതാപിതാക്കൾ, സഹപാഠികൾ, അധ്യാപകർ, വാർഡൻ എന്നിവർ ഉൾപ്പെടെയുള്ളവരിൽ നിന്ന് കമീഷൻ മൊഴിയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.