തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് മധ്യ പടിഞ്ഞാറൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ കൂടുതൽ ശക്തമായി. ചൊവ്വാഴ്ച രാവിലെയോടെ യമൻ-ഒമാൻ തീരത്ത് അൽഗൈദാക്കിനും (യമൻ) സലാലക്കും ഇടയിൽ മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വേഗത്തിൽ അതിതീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കുമെന്ന് കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ തീവ്രന്യൂനമർദം കൂടുതൽ കരുത്താർജിച്ച് അതിതീവ്ര ന്യൂനമർദമാകും. തിങ്കളാഴ്ച അതിതീവ്ര ന്യൂനമർദം ബംഗ്ലാദേശ്-പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങും.
സംസ്ഥാനത്ത് തിങ്കളാഴ്ച എട്ടുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്.
വിഴിഞ്ഞം മുതൽ കാസർകോട് തീരം വരെ ഉയർന്ന തിരമാലക്കും ശക്തമായ കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. തീരവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കേരള, കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസ്സമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.