തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷന്റെ പരീക്ഷ നടത്തിപ്പും സുരക്ഷ മാനദണ്ഡങ്ങളും മൂല്യനിർണയ രീതികളും തെലങ്കാന സർക്കാർ പഠിക്കുന്നു. ഇതിനായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥ സംഘം തലസ്ഥാനത്തെത്തി.
തെലങ്കാന അണ്ടർ സെക്രട്ടറിയും മലയാളിയുമായ അനിതയുടെ നേതൃത്വത്തിലെ സംഘം വെള്ളിയാഴ്ച പട്ടത്തെ പി.എസ്.സി ആസ്ഥാന ഓഫിസിലെത്തി ചെയർമാൻ എം.ആർ. ബൈജു, സെക്രട്ടറി, പരീക്ഷ കൺട്രോളർ അടക്കം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ മാർച്ചിൽ തെലങ്കാന പബ്ലിക് സർവിസ് കമീഷൻ (ടി.എസ്.പി.എസ്.സി) വിവിധ വകുപ്പുകളിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നത് വൻവിവാദമായിരുന്നു. സംഭവത്തിൽ അസി. സെക്ഷൻ ഓഫിസർ അടക്കം ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ കെ. ചന്ദ്രശേഖര റാവു സർക്കാറിനെതിരെ വൻ യുവജന രോഷമാണ് തെലങ്കാനയിൽ ഉയർന്നത്.
10 വർഷമായി കാര്യമായ നിയമനങ്ങൾ നടന്നിട്ടില്ലെന്നും 80,000ത്തോളം ഒഴിവുകൾ നികത്താനുണ്ടെന്നുമായിരുന്നു ഉദ്യോഗാർഥികളുടെ ആരോപണം. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ടി.എസ്.പി.എസ്.സി ചെയർമാൻ ബി. ജനാർദൻ റെഡ്ഡി രാജിവെച്ചിരുന്നു.
ഭരണം ലഭിച്ചാൽ തസ്തികകളിലെല്ലാം ഉടൻ നിയമനം നടത്തുമെന്നും പബ്ലിക് സർവിസ് കമീഷൻ ഉടച്ചുവാർക്കുമെന്നുമായിരുന്നു കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രേവന്ത് റെഡ്ഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്.
ഈ സാഹചര്യത്തിലാണ് ഭരണത്തിലേറിയതിനു പിന്നാലെ അതിനുള്ള നടപടികൾ രേവന്ത് റെഡ്ഡി ആരംഭിച്ചത്. ഇതിന്റെ ആദ്യപടിയായാണ് തെലങ്കാന ഉദ്യോഗസ്ഥർ കേരളത്തിലെത്തിയത്.
തെലങ്കാന പബ്ലിക് സർവിസ് കമീഷനിൽ നിലവിൽ 100 താഴെ ജീവനക്കാർ മാത്രമാണ് സ്ഥിരമായുള്ളത്. ഇതിൽ പകുതിപ്പേരും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരാണ്. ഇത്തരം സുപ്രധാന മേഖലകളിൽ കരാർ/ദിവസവേതനക്കാരെ ഒഴിവാക്കണമെന്ന നിർദേശം കേരള പി.എസ്.സി തെലങ്കാന സർക്കാറിനു മുന്നിൽ വെച്ചു. 33 ജില്ലകളുള്ള തെലങ്കാനയിൽ, ഉദ്യോഗസ്ഥരുടെ അഭാവം മൂലം കലക്ടർമാർക്കാണ് പരീക്ഷ ചുമതല ടി.എസ്.പി.എസ്.സി നൽകുന്നത്.
ഇവർ മറ്റു വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പരീക്ഷ നടത്തുകയാണ്. ഇതും ചോദ്യപേപ്പർ ചോർച്ചക്കും മറ്റു തിരിമറികൾക്കും കാരണമായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പരീക്ഷ സെന്ററുകളിൽ ടി.എസ്.പി.എസ്.സി ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉണ്ടാകണമെന്നും കേരളത്തിലെ പി.എസ്.സി ജില്ല ഓഫിസുകൾക്ക് പകരം തെലങ്കാനയിൽ സോണൽ ഓഫിസുകൾ ആരംഭിക്കാമെന്ന നിർദേശവും കേരള പി.എസ്.സി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.