പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിൻ്റെ നാലമ്പലത്തിനകത്ത് പ്രവേശിച്ചവർ
ചെറുവത്തൂർ (കാസർകോട്): നൂറ്റാണ്ടുകൾ പഴക്കമുള്ള പിലിക്കോട് രയരമംഗലം ക്ഷേത്രം നാലമ്പലത്തിൽ ആദ്യമായി പൊതുജനങ്ങൾ പ്രവേശിച്ചു. ചില സമുദായങ്ങൾക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന ക്ഷേത്രത്തിൽ ജനകീയ വിപ്ലവത്തിലൂടെയാണ് എല്ലാ വിഭാഗക്കാർക്കും പ്രവേശനം സാധ്യമായത്. മേടസംക്രമ ദിനത്തിൽ രാവിലെ എട്ട് മണിയോടെയാണ് ഒരു സംഘം നാലമ്പലത്തിനകത്ത് പ്രവേശിച്ചത്. തുടർന്ന് ക്ഷേത്രത്തിൽ തൊഴാനെത്തിയവരെല്ലാം നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചു.
കഴിഞ്ഞ മാസം നവീകരണ പുന:പ്രതിഷ്ഠാ മഹോത്സവം നടന്ന ക്ഷേത്രത്തിൽ എല്ലാ വിഭാഗക്കാർക്കും പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് പിലിക്കോട് നിനവ് പുരുഷ സ്വയംസഹായ സംഘം പ്രമേയം അവതരിപ്പിച്ചിരുന്നു. തുടർന്ന് സാമൂഹ്യ-സാംസ്കാരിക -രാഷ്ട്രീയ സംഘടനകളുടെ സഹകരണത്തോടെ നിലവിൽവന്ന ജനകീയ സമിതി രയരമംഗലം ഭഗവതിയെ അരികിൽ ദർശിക്കാനുള്ള അവസരത്തിന് വേണ്ടി ക്ഷേത്രം തന്ത്രി, ദേവസ്വം മന്ത്രി, ഭരണ സമിതി എന്നിവർക്ക് നിവേദനം നൽകി. താൽപര്യമുള്ളവർക്ക് ക്ഷേത്രാചാരങ്ങൾക്ക് തടസ്സം വരാതെ ശ്രീകോവിലിന് മുന്നിലെത്തി പ്രാർഥിക്കാമെന്ന് തന്ത്രി അറിയിച്ചു.
പൂരോത്സവ ചടങ്ങുകൾ കഴിഞ്ഞ ശേഷമാണ് ഞായറാഴ്ച ജനം നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്. അനേക കാലമായി പിലിക്കോട്ടെ ഭക്തരുടെ ആഗ്രഹമായിരുന്നു നാലമ്പല പ്രവേശനം. വർഷങ്ങൾക്ക് മുൻപ് ശ്രമങ്ങൾ നടന്നിരുന്നെങ്കിലും എതിർപ്പുണ്ടായതിനാൽ സാധ്യമായില്ല. ആചാരാനുഷ്ഠാനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന തിരിച്ചറിവിൻ്റെ വിജയം കൂടിയായാണ് ജനകീയ സമിതി ഈ പ്രവേശനത്തെ കാണുന്നത്.
തുടർന്നുള്ള ദിവസങ്ങളിലും മുഴുവൻ ഭക്തജനങ്ങൾക്കും നാലമ്പലത്തിനുള്ളിൽ ശ്രീകോവിലിന് മുന്നിൽ എത്താമെന്ന് നാലമ്പല പ്രവേശനസമിതി അറിയിച്ചു.
പിന്നാക്ക സമുദായങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന ഈ ക്ഷേത്രത്തിൽ ടി.എസ്. തിരുമുമ്പ്, പി.സി.കെ.ആർ. അടിയോടി എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രപ്രവേശന സമരം നടത്തിയിരുന്നു. ക്ഷേത്രപ്രവേശന വിളംബരം നടത്തിയ ആൽത്തറയും ഈ ക്ഷേത്ര മുറ്റത്തുണ്ട്. ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് എല്ലാ സമുദായത്തിൽ പെട്ടവർക്കും നാലമ്പലത്തിന് വെളിയിൽ പ്രവേശനം സാധ്യമായി. എന്നാൽ ചില വിഭാഗങ്ങൾക്കേ നാലമ്പലത്തിനകത്ത് പ്രവേശനം ഉണ്ടായിരുന്നു. ഈ വേർതിരിവാണ് ഇതോടെ അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.