കൊച്ചി: ആലപ്പുഴ തങ്ങൾകുഞ്ഞ് കസ്റ്റഡി മരണക്കേസിൽ പ്രതികളായ മുഴുവൻ പൊലീസുകാരെയും കോടതിയെ വെറുതെ വിട്ടു. പബ്ലിക് റിലേഷന്‍സ് വകുപ്പില്‍നിന്ന് വിരമിച്ച പുന്നപ്ര പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തൂക്കുകുളം ദര്‍ശനയില്‍ തങ്ങള്‍കുഞ്ഞിനെ (60) കസ്റ്റഡിയിൽ കൊലപ്പെടുത്തിയ കേസിൽ 21 വർഷത്തിനുശേഷമാണ് ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ മുന്‍ എസ്.ഐ മാവേലിക്കര പള്ളിക്കല്‍ കാട്ടുതലയ്ക്കല്‍ ജോണ്‍ വര്‍ഗീസ്, ഹെഡ് കോൺസ്റ്റബിൾമാരായിരുന്ന മണ്ണഞ്ചേരി വട്ടത്തറ വീട്ടിൽ വി.സി. പ്രദീപ് കുമാര്‍, തണ്ണീർമുക്കം ചാരമംഗലം പടിഞ്ഞാത്തേകുറ്റിയില്‍ എം. പ്രദീപ് കുമാര്‍, വള്ളികുന്നം കടുവിനാല്‍ അജിഭവനില്‍ പി.വി. സുഭാഷ്, ചേര്‍ത്തല വള്ളിക്കുന്നം കാട്ടുതലക്കൽ ഗോപിനാഥ പ്രഭു എന്നിവരെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടത്.
1998 ആഗസ്റ്റ് എട്ടിന് രാത്രിയിലാണ് ആലപ്പുഴ സൗത്ത് പൊലീസ് തങ്ങൾകുഞ്ഞിനെ കസ്റ്റഡിയിലെടുത്തത്.
രാത്രി പത്തരയോടെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ഭാര്യ ഡോ. രാധാമണിയുടെയും മകൻ ബിനോജിെൻറയും മുന്നിലിട്ട് അതിക്രൂരമായി മര്‍ദിച്ചശേഷം ജീപ്പിലിട്ട് കൊണ്ടുപോവുകയായിരുന്നുവത്രേ. പിന്നീട് മുക്കാല്‍ മണിക്കൂറിനുശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്ച്ചറിയിലെത്തിെച്ചന്നാണ് പ്രോസിക്യുഷൻ കേസ്. ബിനോജിനെയും രാധാമണിയെയും ലാത്തികൊണ്ട് ആക്രമിച്ചതായും ആരോപണമുണ്ടായിരുന്നു.
രാധാമണിയുടെ വീട്ടുകാരുമായി ഉണ്ടായിരുന്ന ഓഹരിത്തര്ക്കത്തിെൻറ പേരിലായിരുന്നു പൊലീസ് തങ്ങൾകുഞ്ഞിനെ കസ്റ്റഡിയിലെടുത്തത്. തങ്ങളുടെ അധികാരപരിധിയില്‍പ്പെടാത്ത പുന്നപ്ര സ്‌റ്റേഷൻ പരിധിയിലെത്തിയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തതിനെത്തുടര്‍ന്ന് 2005ലാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.
പ്രതികൾക്കെതിരെ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന മനഃപൂർവമല്ലാത്ത നരഹത്യ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരുന്നത്. എന്നാൽ, ഇതിനെതിരെ പ്രതികൾ നൽകിയ റിവിഷൻ ഹരജി അനുവദിച്ച ഹൈകോടതി, മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റത്തിന് വിചാരണ നേരിടേണ്ടതില്ലെന്ന് വിധിക്കുകയായിരുന്നു. തുടർന്ന് ഹൈകോടതി നിർദേശപ്രകാരം കേസ് സി.ബി.ഐ കോടതിയിൽനിന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി.
ഗുരുതരമായി പരിക്കേൽപിക്കുക, മാരകായുധങ്ങളുപയോഗിച്ച് ഗുരുതരമായി പരിക്കേൽപിക്കുക, അതിക്രമിച്ച് കടക്കുക, അന്യായമായി തടഞ്ഞുവെക്കുക, രേഖകളിൽ കൃത്രിമം കാണിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് പ്രതികൾ വിചാരണ നേരിട്ടത്. എന്നാൽ, പ്രതികൾക്കെതിരെ ആരോപിച്ചിരുന്ന കുറ്റങ്ങളൊന്നുംതന്നെ സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രിയചന്ദ് വെറുതെവിട്ടത്. 70 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.
പറവൂർ ‘ദർശന’യിൽ നിരാശ
ആലപ്പുഴ: നീണ്ട 21 വർഷത്തെ കാത്തിരിപ്പിന് ശേഷം വിവാദമായ തങ്ങൾകുഞ്ഞ് കസ്റ്റഡിമരണത്തിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ടുകൊണ്ടുള്ള എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി ആലപ്പുഴ പറവൂർ ‘ദർശന’യിൽ മ്ലാനത പരത്തി. വിവിധ ന്യായാധിപന്മാരുടെ കീഴിൽ നടന്ന വിചാരണക്ക് ശേഷം അന്തിമ വിധിക്കായി കാത്തുനിന്ന തങ്ങൾകുഞ്ഞിെൻറ ഭാര്യ ഡോ. രാധാമണിയും മകൻ ബിനോജും നിരാശയും സങ്കടവും മറച്ചുവെക്കുന്നില്ല.
വിധി പ്രസ്താവം കിട്ടിയശേഷം നിശ്ചയമായും അപ്പീൽ പോകുമെന്ന് ബിനോജ് ‘മാധ്യമ’ത്തോട് പറഞ്ഞു. 70 സാക്ഷികളിൽ ഒരാൾ മാത്രമേ കൂറുമാറിയതുള്ളുവെന്നതിൽ ആശ്വാസമുണ്ടായിരുന്നു. നേരത്തേ തന്നെ ഹൈകോടതിയിൽനിന്നും 304ാം വകുപ്പ് നീക്കിയെങ്കിലും മറ്റ് വകുപ്പുകൾ പ്രകാരം പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
അധികാര പരിധി ലംഘിച്ച് നടത്തിയ അറസ്റ്റിൽ സുപ്രീംകോടതി മാർഗനിർദേശങ്ങളൊന്നും പാലിച്ചില്ല. താനും പിതാവും വൈദ്യുതി ബോർഡ് ഒാഫിസ് ആക്രമിച്ചുവെന്ന കള്ളക്കേസ് സൃഷ്ടിക്കാൻ വ്യാജരേഖ ചമച്ചത് വിചാരണ വേളയിൽ പുറത്ത് വന്നതിനാൽ പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷച്ചെതന്ന് ബിനോജ് കൂട്ടിച്ചേർത്തു.
സംഭവം നടക്കുബോൾ എക്സ്റേ ടെക്നീഷ്യൻ വിദ്യാർഥിയായിരുന്ന ബിനോജിന് കേസിെൻറ പിന്നാലെ നടന്നതിനാൽ പഠിത്തം പൂർത്തിയാക്കാനായില്ല. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ഇടപെടലിനെ തുടർന്നാണ് ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയ കേസ് എടുക്കുകയും പൊലീസിെൻറ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് താൽക്കാലിക നഷ്ടപരിഹാരമായി രണ്ട് ലക്ഷം അനുവദിച്ചത്. കസ്റ്റഡി മരണ കേസുകളിൽ വൈകി നീതിലഭിക്കുന്നത് ഒഴിവാക്കാനായി ഫാസ്റ്റ് ട്രാക്ക് കോടതി സംവിധാനം വേണമെന്ന് ബിനോജ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.