എം.പി ഫണ്ടനുവദിച്ചിട്ടും പുതിയ ആംബുലൻസ് വാങ്ങിയില്ല; 20 വർഷത്തോളം പഴക്കമുള്ള ആംബുലൻസാണ് രോഗിയുടെ ജീവൻ കവർന്നതെന്ന് വിമർശനം

വാതിൽ തുറക്കാനാകാതെ ആംബുലൻസിൽ കുടുങ്ങിയ രോഗി മരിച്ച സംഭവത്തിൽ അധികൃതർക്കെതിരെ വിമർശനവുമായി എം.കെ രാഘവൻ എം.പി. ഒരു വർഷം മുമ്പ് ഫണ്ടനുവദിച്ചിട്ടും ആശുപത്രി അധികൃതർ പുതിയ ആംബുലൻസ് വാങ്ങിയില്ലെന്ന് എം.പി പറഞ്ഞു.

ബിച്ചാശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡി. കോളജിലെത്തിച്ച ആംബുലൻസിന്റെ വാതിൽ തുറക്കാനാവാതെ ഏറെ നേരം അകത്തുകുടുങ്ങിയ രോഗിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ട രോഗിയാണ് വാതിൽ തുറക്കാനാവാതെ ആംബുലൻസിൽ കുടുങ്ങിയത്. ഒടുവിൽ വാതിൽ ഇരുമ്പ് കഷ്ണം കൊണ്ട് വെട്ടിപ്പൊളിച്ചാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പുതിയ ആംബുലൻസ് വാങ്ങാൻ 2021 ജൂണിൽ എം.പി ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഒരു വർഷത്തിലേറെയായിട്ടും ഈ ഫണ്ട് ചെലവഴിച്ച് പുതിയ ആംബുലൻസ് വാങ്ങിയിട്ടില്ല.

'ആംബുലൻസ് വാതിൽ തുറക്കാനാകാത്തതിനാൽ രോഗി മരിച്ചത് ബീച്ചാശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥമൂലമാണ്. 2021 ജൂണിൽ തന്റെ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചിട്ടും ജില്ല ഭരണകൂടവും അന്നത്തെ ഡി.എം.ഒയും ചേർന്ന് പ്രപ്പോസൽ വൈകിക്കുകയായിരുന്നു. 2021 ഡിസംബറിൽ ഞാൻ വീണ്ടും ബഹളമുണ്ടാക്കുകയും കത്ത് നൽകുകയും ചെയ്തതിനുശേഷമാണ് ഇക്കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ യോഗംപോലും വിളിച്ചത്. വീണ്ടും എട്ടുമാസം കഴിഞ്ഞാണ് ആംബുലൻസ് വാങ്ങിക്കാനാവശ്യമായ പർച്ചേസ് ഓർഡർ നൽകിയത്. ആശുപത്രിയുടെയും ജില്ല ഭരണകൂടത്തിന്‍റെയും ഭാഗത്തുനിന്ന് വലിയ അനാസ്ഥയാണ് ഉണ്ടായത്. ഇപ്പോഴുണ്ടായ മരണത്തിന് ഉത്തരവാദികൾ അധികൃതരാണ്.' -എം.പി പറഞ്ഞു.

ഫറോക്ക് കരുവൻതിരുത്തി എസ്.പി ഹൗസിൽ കോയമോനാണ് (66) ആംബുലൻസ് തുറക്കാനാകാത്തതിനാൽ ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചത്.

സ്കൂട്ടറിടിച്ച് സാരമായി പരിക്കേറ്റ കോയമോനെ ഗവ. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് ആംബുലൻസിൽ അയക്കുകയായിരുന്നു. മെഡി. കോളജ് അത്യാഹിത വിഭാഗത്തിലെത്തിയപ്പോൾ അകത്തുണ്ടായിരുന്ന കോയമോന്‍റെ സുഹൃത്തുക്കളും ഡോക്ടറും വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ മഴു ഉപയോഗിച്ച് വെട്ടിപ്പൊളിക്കുകയായിരുന്നു. അരമണിക്കൂറോളമാണ് രോഗി ചികിത്സ കിട്ടാതെ ആംബുലൻസിൽ കുടുങ്ങിയത്. ഈ സമയം ഡോക്ടർ സി.പി.ആർ നൽകാനും മറ്റും ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. രോഗിയെ പിന്നീട് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

എന്നാൽ, വാതിൽ തുറക്കാനാകാത്തതിനാൽ പത്ത് മിനിറ്റോളം രോഗി ആംബുലൻസിൽ കുടുങ്ങിയെന്നാണ് ബീച്ച് ആശുപത്രി സൂപ്രണ്ട് നൽകിയ പ്രാഥമിക റിപ്പോർട്ടിലുള്ളത്. ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ഉമർ ഫാറൂഖ് ആവശ്യപ്പെട്ടതനുസരിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആംബുലൻസിന്‍റെ ഡോർ ലോക്ക് ജാമായതിനാലാണ് തുറക്കാൻ കഴിയാതിരുന്നതെന്ന് ബീച്ച് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് സന്തോഷ് കുമാർ വിശദീകരിച്ചു. രണ്ട് ലോക്കുകളാണ് വാതിലിന് ഉണ്ടായിരുന്നത്. അകത്തുനിന്നും പുറത്തുനിന്നുമാണ് ലോക്കുകളുള്ളത്. അകത്തുനിന്ന് തള്ളി ആദ്യത്തെ ലോക്ക് തുറന്നെങ്കിലും രണ്ടാമത്തേത് തുറക്കാൻ കഴിഞ്ഞില്ല. പരിഭ്രാന്തിയിൽ രോഗിയുടെ കൂടെ ഉണ്ടായിരുന്നയാൾ ബലം പ്രയോഗിച്ചതിനെ തുടർന്ന് ലോക്ക് ജാമായിപ്പോയെന്നും സൂപ്രണ്ട് ഇൻ ചാർജ് പറഞ്ഞു.

എന്നാൽ, ബീച്ചാശുപത്രി ആംബുലൻസിന്‍റെ കാലപ്പഴക്കമാണ് കോയമോന്‍റെ ജീവൻ അപഹരിച്ചതെന്നാണ് ആരോപണം. 20 വർഷത്തോളം പഴക്കമുള്ള ആംബുലൻസ് ഇടക്കിടെ തകരാറിലാകാറുണ്ട്. ബീച്ചാശുപത്രിയിൽ പലതവണ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികളെ മാറ്റേണ്ടിവരാറുണ്ട്. അപ്പോഴെല്ലാം ഈ ആംബുലൻസാണ് ഉപയോഗിക്കാറുള്ളത്. നിലവിൽ മൂന്ന് ആംബുലൻസുകളാണ് ഇവിടെയുള്ളത്. ഇതിൽ ടൈമിങ് ചെയിൻ തകരാറിലായതിനാൽ ഒരു ആംബുലൻസ് വർക് ഷോപ്പിലാണ്. ഡോർ തുറക്കാനാകാത്തതിനാൽ മറ്റൊരു ആംബുലൻസ് കൂടി വർക് ഷോപ്പിലായതോടെ ഒരേയൊരു ആംബുലൻസ് മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്. അടിയന്തരമായി ആംബുലൻസ് അനുവദിക്കണമെന്ന് ഡി.എം.ഒക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് പറഞ്ഞു. 

Tags:    
News Summary - the 20-year-old ambulance took the life of the patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.