പറവൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്തുള്ള വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി ലാവണ്യ വീട്ടിൽ നിഥിൻ (22) എക്സൈസിന്റെ പിടിയിലായി. പറവൂർ സഹകരണ ബാങ്കിൽ സാമ്പത്തിക ഇടപാടിനെത്തിയപ്പോഴാണ് എക്സൈസ്, പൊലീസ് സംഘത്തിന് മുന്നിൽ ഇയാൾ കുടുങ്ങിയത്. ചൊവ്വാഴ്ച വൈകീട്ട് എക്സൈസ് സംഘം പരിശോധനക്ക് എത്തുമ്പോൾ നിഥിൻ വീട്ടിലുണ്ടായിരുന്നു. വീടിനകത്ത് നായെ അഴിച്ചുവിട്ടതിനാൽ ഉദ്യോഗസ്ഥർക്ക് പെട്ടെന്ന് അകത്തുകടക്കാനായിരുന്നില്ല. ഈ തക്കംനോക്കി ഇയാൾ എക്സൈസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു. മരിച്ചുപോയ ഇയാളുടെ മാതാവിന്റെ പേരിലുള്ള സ്ഥിരനിക്ഷേപത്തിൽനിന്ന് പണം പിൻവലിക്കാൻ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബുധനാഴ്ച വൈകീട്ട് മൂന്നിന് ബാങ്കിലെത്തിയത്. എന്നാൽ, ജീവനക്കാർ ഇയാൾക്ക് പണംനൽകാൻ തയാറായില്ല. അതിനിടെ ഇയാൾ ബാങ്കിലുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. ഇവർ എത്തുമ്പോൾ നിഥിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേർ അവർ വന്ന ഇന്നോവ കാറിൽ കടന്നുകളഞ്ഞു. ഇവർക്ക് നിഥിനുമായി മറ്റെന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് അന്വേഷിക്കും.
ചൊവ്വാഴ്ച വൈകീട്ട് വീട്ടിൽനിന്ന് പിടിയിലായ നിഥിന്റെ അച്ഛൻ മനോജ് കുമാറിനെ (53) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് കൈവശം വെച്ചതിന് ആറുവർഷം മുമ്പ് പറവൂർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് നിഥിനെ പിടികൂടിയിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കി നല്ലനടപ്പിന് ശിക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.