കേരളം സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന ആക്ഷേപം യാഥാർഥ്യത്തിന് നിരക്കാത്തത് -കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിലാകെ സാമ്പത്തിക ബുദ്ധിമുട്ടാണ്, ആർക്കും ഒന്നും ലഭിക്കുന്നില്ല സമസ്ത മേഖലകളും സ്തംഭിച്ചിരിക്കുന്നു എന്നൊക്കെയുള്ള പ്രതിപക്ഷ ആക്ഷേപം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഭാരിച്ച ചെലവുകൾ നിർവഹിക്കുന്ന സര്‍ക്കാരാണിത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രതിവര്‍ഷം ശരാശരി ചെലവ് 70,000 കോടി രൂപയായിരുന്നുവെന്നും പ്രതിപക്ഷത്തിന്റെ ഉപക്ഷേപത്തിന് നിയമസഭയിൽ ധനമന്ത്രി മറുപടി നൽകി.

ഒന്നാം പിണറായി സർക്കാരിന്റെ അഞ്ചുവർഷക്കാലം ഒരു വർഷത്തെ ശരാശരി ചിലവ് 1.17 ലക്ഷം കോടി രൂപയായിരുന്നു എങ്കിൽ ഈ സർക്കാരിന്റെ ആദ്യത്തെ മൂന്നുവർഷത്തെ ശരാശരി ചിലവ് 1.61 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സെപ്റ്റംബര്‍ മാസം വരെ കാലയളവില്‍ സംസ്ഥാനത്തിന്റെ ആകെ ചെലവ് 85,700 കോടി രൂപയായിരുന്നു. ഈ വര്‍ഷം (2024-25) സെപ്റ്റംബര്‍ മാസം വരെയുള്ള ആകെ ചെലവ് 94882 കോടി രൂപയാണ്. ഏതാണ്ട് 9000-ലധികം കോടിരൂപയുടെ ഈ വര്‍ഷം അധികം ചെലവായിട്ടുണ്ട്.

വരുമാനത്തിന്റെ കാര്യത്തിൽ ആകട്ടെ, സംസ്ഥാന സർക്കാരിന്റെ തനത് വരുമാനത്തിൽ റിക്കോർഡ് വർദ്ധനവുണ്ടാക്കാൻ നമുക്കു കഴിഞ്ഞു. 2020-21 മുതല്‍ 2023-24 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തില്‍ 64.10% വര്‍ദ്ധനവ് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2020-21 ല്‍ 47,660 കോടി രൂപയായിരുന്ന തനത് നികുതി വരുമാനം 2023-24 ല്‍ 74,329 കോടി രൂപയായി ഉയര്‍ന്നു. നികുതിയേതര വരുമാനത്തില്‍ ഇതേ കാലയളവില്‍ നൂറ് ശതമാനത്തിലേറെയാണ് വര്‍ദ്ധന.

2020-21 ല്‍ 7327 കോടിയായിരുന്ന നികുതിയേതര വരുമാനം 2023-24ല്‍ 16,346 കോടിയായിരുന്നു. റവന്യൂ കമ്മി 20,063 കോടി രൂപയില്‍ നിന്ന് 18,140 കോടിയായി കുറഞ്ഞു. ധനക്കമ്മി 35,203 കോടിയില്‍ നിന്ന് 34,257 കോടിയായി കുറഞ്ഞിട്ടുണ്ട്. 2020-21 ല്‍ 4.56 ശതമാനമായിരുന്ന ധനക്കമ്മി കഴിഞ്ഞ വര്‍ഷം 2.9 ശതമാനത്തിലേക്ക് താഴ്ത്താനായിട്ടുണ്ട്. റവന്യൂ കമ്മി 2.6 ശതമാനത്തില്‍ നിന്ന് 1.5 ശതമാനത്തിലേക്ക് താഴ്ത്താനായി. കടം – ജി.എസ്.ഡി.പി അനുപാതം 2020-21 ല്‍ 38.41 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷമിത് 33.4 ശതമാനമായി കുറക്കാനായി.

ഇതെല്ലാം കേരളം ധന ദൃഢീകരണ പാതയിലാണെന്ന് അക്കൗണ്ടന്റ് ജനറല്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന കൊടിയ സാമ്പത്തിക അവഗണനയാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കാരണം. എന്നാല്‍ കേന്ദ്രത്തിലെ ബി.ജെ.പി ഗവൺമെന്റിന് വിമർശിക്കാനുള്ള മടി കൊണ്ടാണോ അതോ എൽ.ഡി.എഫ് ഗവൺമെന്റ് പറയുന്നതിനൊപ്പം നിൽക്കാനുള്ള വിമുഖത കൊണ്ടാണോ എന്നറിയില്ല, ശരിയായ നിലപാട് സ്വീകരിക്കാൻ കേരളത്തില്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല.

ഗൗരവതരമായ രാഷ്ട്രീയ വിഷയമായി ഫെഡറലിസവും സാമ്പത്തിക ഫെഡറലിസവും മാറുമ്പോഴും കേരളത്തിലെ പ്രതിപക്ഷം വളരെ സങ്കുചിതമായ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങളുമായി ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരവേലകള്‍ക്ക് ഒപ്പം നില്‍ക്കുന്നത് അങ്ങേയറ്റം നിരാശാജനകമാണെന്നും നിയമസഭയിൽ മന്ത്രി പറഞ്ഞു. 

Tags:    
News Summary - The allegation that Kerala is due to financial difficulties is untrue - KN Balagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.