മലപ്പുറം: സമസ്തയിലെ വിഭാഗീയത അവസാനിപ്പിക്കാൻ നേതൃത്വം വിളിച്ച സമവായ ചർച്ചയിൽ നിന്ന് ലീഗ് വിരുദ്ധ വിഭാഗം വിട്ടുനിന്നേക്കും. മുശാവറ യോഗത്തിന് മുൻപുള്ള ചർച്ച പ്രഹസനമെന്നാണ് ഈ വിഭാഗത്തിനൊപ്പം നിൽക്കുന്നവരുെട നിലപാട്. സമാന്തര കമ്മിറ്റിയുണ്ടാക്കിയവർക്കെതിരെ മുശാവറ യോഗത്തിൽ നടപടിയെടുക്കണമെന്നാണ് ലീഗ് വിരുദ്ധ ചേരിയുടെ ആവശ്യം.
ഇന്ന് വൈകിട്ട് മൂന്നിന് മലപ്പുറത്താണ് ഇരു വിഭാഗങ്ങളേയും ചർച്ചക്ക് വിളിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, എം.ടി. അബ്ദുല്ല മുസ്ലിയാർ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ ലീഗിന്റെയും സമസ്തയുടെയും പ്രമുഖ നേതാക്കൾ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ലീഗ് അനുകൂല, വിരുദ്ധ ചേരികളുടെ പരസ്യപ്പോര് അവസാനിപ്പിക്കുകയാണ് ചർച്ചയുടെ ലക്ഷ്യം.
അതേ സമയം, ഹമീദ് ഫൈസി അമ്പലക്കടവ് നേതൃത്വം നൽകുന്ന വിഭാഗമാണ് സമവായ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കവും ചർച്ചയിൽ പങ്കെടുത്തേക്കില്ല.
ചർച്ചയിൽ ഇരുവിഭാഗങ്ങളിൽ നിന്നും പത്തുപേരെ വീതം പങ്കെടുപ്പിക്കാമെന്നായിരുന്നു നിർദേശം. ലീഗ് അനുകൂല വിഭാഗത്തില്‍നിന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, യു. മുഹമ്മദ് ശാഫി ഹാജി തുടങ്ങിയവരാണ് ചർച്ചയിലുണ്ടാകുക.
ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി തുടങ്ങിയവരാണ് ലീഗ് വിരുദ്ധ ചേരിയിലുള്ളത്. എന്നാൽ, എതിർപ്പുകളെ അവഗണിച്ച് ചർച്ചയുമായി മുന്നോട്ട് പോകാനാണ് ലീഗ് അനുകൂല വിഭാഗത്തിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.