വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗി എൻജിനിൽ നിന്ന് വേർപെട്ട നിലയിൽ 

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ ബോഗി വേർപെട്ടു; ഒഴിവായത് വൻ ദുരന്തം

ചെറുതുരുത്തി (തൃശൂർ): വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗി എൻജിനിൽനിന്ന് വേർപെട്ടു. ട്രെയിനിന്റെ വേഗം കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസിന്റെ ബോഗിയാണ് വെള്ളിയാഴ്ച രാവിലെ 9.30ന് പതിനഞ്ചാം പാലത്തിനടുത്ത് വേർപെട്ടത്. തുടർന്ന് എ.സി കോച്ചിലുണ്ടായിരുന്ന യാത്രക്കാർ ബഹളംവെച്ചതായി യാത്രക്കാരനായ അജയ് കൃഷ്ണൻ പറഞ്ഞു. പിന്നീട് ട്രെയിൻ നിൽക്കുകയായിരുന്നു.

സി.എം.ഡബ്ല്യൂ ഷൊർണൂർ സ്റ്റാഫ് അംഗങ്ങളും ഷൊർണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും മെക്കാനിക്കൽ വിഭാഗവും റെയിൽവേ പൊലീസും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. 10.45ന് ട്രെയിൻ യാത്ര തുടർന്നു. എന്നാൽ, ട്രെയിനിന്റെ എ.സി കോച്ചിലേക്കുള്ള വൈദ്യുതിബന്ധം നിലച്ചിരിക്കുകയായിരുന്നു. ഇതേത്തുടർന്ന് വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ നിർത്തുകയും വീണ്ടും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു.

ഉച്ചക്ക് 12.34ഓടെയാണ് ട്രെയിൻ വള്ളത്തോൾ നഗറിൽനിന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. കൂടുതൽ സുരക്ഷ പരിശോധനകൾ നടത്തിയതിനുശേഷം ഉച്ചക്ക് രണ്ടിനുശേഷം യാത്ര തുടർന്നു. ഇതേത്തുടർന്ന് വന്ദേഭാരത് എക്സ്പ്രസ് അടക്കം നിരവധി ട്രെയിനുകൾ മണിക്കൂറുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.

Tags:    
News Summary - The bogie of the running train got separated; A major disaster was avoided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.