കൽപറ്റ: അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സി.പി.എം നിയന്ത്രണത്തിലുള്ള വയനാട് ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകരെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സും കൈവിട്ടു.
ബ്രഹ്മഗിരി സൊസൈറ്റി പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും നിക്ഷേപകരുടെ പണമെല്ലാം തിരിച്ചുകൊടുക്കുമെന്നും അതിന് മൂന്നുമുതൽ ആറുമാസംവരെ ആവശ്യമാണെന്നും സൊസൈറ്റിയുടെ സി.ഇ.ഒ അറിയിച്ചെന്നുള്ള മറുപടിയാണ് നവകേരള സദസ്സിൽ പരാതി നൽകിയവർക്ക് കഴിഞ്ഞ ദിവസങ്ങളിലായി സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി നൽകിയത്.
ഇത് തൃപ്തികരമല്ലെങ്കിൽ, പരാതിയുടെ സ്വഭാവം സിവിൽ കേസ് ആയതിനാൽ അത്തരത്തിൽ കോടതിയെ സമീപിക്കാമെന്നും പരാതി തീർപ്പാക്കുകയാണെന്നും മറുപടിയിലുണ്ട്.
കഴിഞ്ഞ മാസം കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടന്ന നവകേരള സദസ്സിൽ ബ്രഹ്മഗിരിയുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പരാതികളാണ് നൽകിയിരുന്നത്. ഇതിൽ ഭൂരിപക്ഷവും നിക്ഷേപകരുടെ പണം തിരിച്ചുകിട്ടുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു. ഈ പരാതികൾ മിക്കതും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തുടർനടപടികൾക്ക് കൈമാറിയിരുന്നത്.
ഈ ഉദ്യോഗസ്ഥനാണ് നവകേരള സദസ്സ് നടന്ന് ഒരു മാസത്തിനുശേഷം പരാതിക്കാരെ നേരിട്ട് വിളിപ്പിച്ച് കത്ത് കൈമാറുകയും പരാതി സംബന്ധിച്ച തീർപ്പ് അറിയിക്കുകയും ചെയ്തത്.
സിവിൽ കേസിന് പോയാൽ തീർപ്പാകാൻ വർഷങ്ങളെടുക്കുമെന്നും സി.പി.എമ്മിന്റെ സഹകരണ സ്ഥാപനമായതുകൊണ്ട് നവകേരള സദസ്സിലൂടെ നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു തങ്ങളെന്നുമാണ് നിക്ഷേപകർ പറയുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റി ഉൾപ്പെടെ ഇടപെട്ട വിഷയത്തിൽ ചർച്ചകളിലെല്ലാം ഉടൻ പരിഹരിക്കുമെന്ന വാഗ്ദാനം നൽകാൻ തുടങ്ങിയിട്ട് വർഷം കഴിഞ്ഞെന്നുമാണ് നിക്ഷേപകർ പറയുന്നത്.
68 കോടിയോളം രൂപയാണ് ബ്രഹ്മഗിരി സൊസൈറ്റി അഞ്ഞൂറിലധികം നിക്ഷേപകർക്ക് നൽകാനുള്ളത്. 2022 ജൂൺ മുതലുള്ള പലിശയും മുടങ്ങിയിട്ടുണ്ട്. നിക്ഷേപകരിൽ ഭൂരിഭാഗവും സി.പി.എം പ്രവർത്തകരോ അനുഭാവികളോ ആയതിനാൽ പാർട്ടി ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നിക്ഷേപകർ.
എന്നാൽ, പ്രശ്നപരിഹാരത്തിന് മുന്നോട്ടുവെച്ച സമയം കഴിഞ്ഞ് മാസങ്ങളായിട്ടും തുടർ നീക്കങ്ങളൊന്നും പാർട്ടിയുടെയോ സൊസൈറ്റിയുടെയോ ഭാഗത്തുനിന്ന് ഉണ്ടാവാത്തതിനെ തുടർന്ന് പ്രത്യക്ഷ സമരവുമായി ആക്ഷൻ കമ്മിറ്റി രംഗത്തിറങ്ങി. മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് ജീവനക്കാരും പ്രത്യക്ഷ സമരത്തിലാണ്.
പാർട്ടി നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ നടത്തിപ്പിലെ പോരായ്മകളും ധൂർത്തും സർക്കാർ ഫണ്ട് ലഭ്യമാക്കുന്നതിലെ അപാകതയുമാണ് 80 കോടിയോളം രൂപയുടെ കടബാധ്യതയിലേക്ക് സൊസൈറ്റിയെ എത്തിച്ചതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.