പാലക്കാട്: റേഷൻ ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കണമെന്നും പ്രത്യേക സോഫ്റ്റ് വെയർ മുഖേന വാഹനങ്ങളുടെ വിവരം ക്രോഡീകരിക്കണമെന്നും കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിൽ. ഒക്ടോബർ മുതൽ വി.ടി.എഫ്.എം.എസ് സോഫറ്റ് വെയർ മുഖേന വാഹനങ്ങളുടെ വിവരം ലഭ്യമാക്കിയാൽ മാത്രമേ ഭക്ഷ്യധാന്യങ്ങൾക്കുള്ള പണം നൽകൂവെന്ന് കേന്ദ്രം കർശന നിലപാട് എടുത്തതോടെയാണ് സപ്ലൈകോ വെട്ടിലായത്. ഇതോടെ കരാറുകാരോട് എത്രയും സംവിധാനം ഒരുക്കാൻ നിർദേശിച്ചിരിക്കുകയാണ്. ജി.പി.എസ് സംവിധാനമില്ലാത്ത വാഹനങ്ങളിൽ വിതരണം നടത്താൻ കഴിയാതെ വന്നതോടെ കടകളിലേക്കുള്ള റേഷൻ വിതരണം മെല്ലെയാണ്.
ഗുണമേന്മയിലും അളവിലും പരാതികൾ വ്യാപകമായതോടെയാണ് വാഹനങ്ങളിൽ നിരീക്ഷണത്തിന് പ്രത്യേകം സംവിധാനം ഏർപ്പെടുത്തണമെന്ന് 2017ലെ ഭക്ഷ്യഭദ്രത നിയമം നിഷ്കർഷിച്ചത്. എന്നാൽ, ആറുവർഷത്തിനുശേഷവും സംസ്ഥാനത്ത് നിർദേശം പൂർണമായി നടപ്പാക്കാനാകാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. നൂറിനപരിപാടികളിൽ ഉൾപ്പെടുത്തി 2022 മാർച്ച് 15ന് ഉദ്ഘാടനം ചെയ്ത ജി.പി.എസ് ഘടിപ്പിക്കൽ മേയ് 31നകം പൂർത്തിയാക്കി റേഷൻ വിതരണ വാഹനങ്ങളുടെ സഞ്ചാരം സുതാര്യമാക്കുമെന്നാണ് അന്നറിയിച്ചത്.
75 താലൂക്കുകളിലായി 750 മുതൽ 1000 വരെ വാഹനങ്ങളാണ് കരാറടിസ്ഥാനത്തിൽ ഭക്ഷ്യധാന്യ വിതരണം നടത്തുന്നത്. നോഡൽ ഏജൻസിയായ സപ്ലൈകോയാണ് നേതൃത്വം നൽകുന്നത്. ജി.പി.എസ് സംവിധാനമടക്കം വാഹനത്തിന്റെ പൂർണവിവരങ്ങൾ നൽകിയാലാണ് കരാറുകാർക്ക് സപ്ലൈകോ ടെൻഡറിൽ പങ്കെടുക്കാനാവുക. എല്ലാ വിവരങ്ങളും കൈയിലുണ്ടായിരുന്നിട്ടും നിർദേശം നടപ്പാക്കുന്നതിൽ സപ്ലൈകോ വീഴ്ച വരുത്തുകയാണെന്നും ആരോപണമുണ്ട്. ഇതിന് പിന്നിൽ അഴിമതിക്കാരായ ഒരുവിഭാഗം ഉദ്യോഗസ്ഥരാണെന്നാണ് ആക്ഷേപം.
ജി.പി.എസ് ഘടിപ്പിച്ചാൽ കരാർ വാഹനങ്ങൾ കടന്നുപോകുന്ന റോഡുകൾ അധികൃതർക്ക് നിരീക്ഷിക്കാനാവും. ഗൂഗ്ൾ മാപ്പ് ഉപയോഗിച്ച് തയാറാക്കിയ റൂട്ട് മാപ്പ് അതത് താലൂക്കിലെ റേഷനിങ് ഇൻസ്പെക്ടർമാർക്ക് പരിശോധന നടത്താൻ കഴിയും. അമിതലോഡ്, വാഹനങ്ങളുടെ വഴിമാറൽ, സാധനം മാറ്റൽ തുടങ്ങിയവ പരിശോധിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.