കോട്ടയം: ‘അടുക്കളയില്‍ നിനക്കെന്താ ഇത്ര മല മറിക്കുന്ന പണി? ഈ ചോദ്യത്തിന് ഇനി അടുക്കളയിൽ ചെലവിട്ട സമയം, ജോലികൾ, ഇതിനിടയിൽ കൈകടത്തിയ മറ്റ് കാര്യങ്ങൾ... കണക്ക് സഹിതം വീട്ടമ്മമാരുടെ മറുപടി വരും. വീട്ടിലടക്കം ഓരോ വ്യക്തിയും ചെലവിടുന്ന സമയത്തിന്റെ കണക്കുകൾ കേന്ദ്രസർക്കാർ ശേഖരിക്കുകയാണ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ നേതൃത്വത്തിലാണ് ടൈംയൂസ് സർവേ. രാജ്യവ്യാപക സർവേയുടെ കേരളത്തിലെ തയാറെടുപ്പ് അന്തിമഘട്ടത്തിലെത്തി. നേരത്തേ ജൂലൈ ആദ്യം സർവേ ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും ഇത് നീളുകയായിരുന്നു.
ഓരോരുത്തരും 24 മണിക്കൂറിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നു, ഇതിനായി എത്രസമയം ചെലവിടുന്നു -എന്നെല്ലാം കണ്ടെത്താൻ ലക്ഷ്യമിട്ടാണ് കണക്കെടുപ്പ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി തെരഞ്ഞെടുക്കപ്പെടുന്ന വാർഡുകളിലെ വീടുകളിലെത്തിയാകും വിവരശേഖരണം. പുലർച്ച എഴുന്നേറ്റശേഷം പിറ്റേന്ന് രാവിലെവരെയുള്ള അവസാന 24 മണിക്കൂറിനുള്ളിൽ ചെയ്ത കാര്യങ്ങളാകും ശേഖരിക്കുക.
വേതനമില്ലാത്ത വീട്ടുജോലി, ഇവർ കുടുംബത്തിലെ കുട്ടികളെയും പ്രായമായവരെയും പരിചരിക്കൽ എന്നിവക്കായി എത്രസമയം ചെലവിടുന്നുവെന്ന് പ്രത്യേകമായി കണക്കെടുക്കും. ഇതിനൊപ്പം ജോലിയും അനുബന്ധപ്രവർത്തനങ്ങളും, പ്രാർഥന, സാമൂഹ്യഇടപെടൽ, വിനോദം എന്നിവയും സമയവും ചോദിച്ചറിയും. സ്വന്തം കാര്യങ്ങൾക്കായി ഓരോരുത്തരും എത്രനേരം നീക്കിവെക്കുന്നുവെന്നും കണ്ടെത്തും.
അയൽവാസികൾ, ഫോൺ എന്നിവയിലൂടെയുള്ള സംസാരമടക്കം വീട്ടകങ്ങളിൽ വ്യക്തികൾ ചെലവിടുന്ന സമയത്തിന്റെ സമഗ്രചിത്രം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് സർവേ.വീട്ടമ്മമാരുടെ വിദ്യാഭ്യാസ യോഗ്യതകളുമായി ബന്ധപ്പെട്ട ചോദ്യാവലിയുമുണ്ടാകും. ഗ്രാമ-നഗരങ്ങൾ എന്നിങ്ങനെ വേർതിരിച്ച് പുരുഷൻമാരുടെയും സ്ത്രീകളുടെയും സാമ്പിൾ പ്രത്യേകമായി ശേഖരിക്കും. സാമ്പിളുകൾ ക്രോഡീകരിച്ചാവും റിപ്പോർട്ട് തയാറാക്കുക.
വേതനമില്ലാത്ത ജോലി ചെയ്യുന്ന വീട്ടമ്മമാർ സാമ്പത്തിക വ്യവസ്ഥക്ക് നൽകുന്ന സംഭാവനയടക്കമുള്ളവയും റിപ്പോർട്ടിലുണ്ടാകും. വീട്ടമ്മമാർക്ക് വേതനം നൽകുന്ന പദ്ധതികൾ പല സംസ്ഥാനങ്ങളും ആവിഷ്കരിക്കുന്ന സാഹചര്യത്തിൽ ഇതിനുള്ള സൂചകംകൂടിയായി റിപ്പോർട്ടിനെ മാറ്റാനാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് ലക്ഷ്യമിടുന്നത്.
ഒരുവർഷം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിക്കുന്ന സർവേയിൽ സ്റ്റാറ്റിസ്റ്റിക്കൽ ജീവനക്കാർക്കൊപ്പം കരാർ ജീവനക്കാരെയും നിയോഗിക്കും. ഇവർ ഒാരോ വീടുകളിലും നേരിട്ടെത്തിയാവും വിവരങ്ങൾ ചോദിച്ചറിയുക. ഞായറാഴ്ച അടക്കമുള്ള അവധി ദിവസങ്ങളും കണക്കെടുപ്പിൽ ഉൾപ്പെടുത്തും.2019ൽ ആദ്യമായി ടൈം യൂസ് സർവേ നടത്തിയിരുന്നെങ്കിലും ഇത്തവണ കൂടുതൽ സമഗ്രമായും കൃത്യതയോടെയും നടപ്പിലാക്കാനാണ് തീരുമാനം. വികസന രാജ്യങ്ങളിൽ കൃത്യമായ ഇടവേളകളിൽ ഇത്തരം സർവേകൾ നടത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.