തിരുവനന്തപുരം: നിയമസഭ പോലെ പുണ്യമായ സ്ഥലത്ത് വന്നിരുന്ന് മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നെന്ന് ആരോപിച്ച് സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്നും പലതവണ മുഖ്യമന്ത്രിയുടെ വസതിയിലെത്തി സംസാരിച്ചിട്ടുണ്ടെന്നും സ്വർണക്കടത്ത് കേസിലെ പ്രതികൂടിയായ സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. തന്നെ അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ വെല്ലുവിളിക്കുകയാണെന്നും സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ് ആവശ്യത്തിനായി പല ഇടപെടലുകളും നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ സ്വപ്ന, ഇതു സംബന്ധിച്ച തെളിവുകൾ കൈവശമുണ്ടെന്നും പറഞ്ഞു. ‘അദ്ദേഹത്തിന് (മുഖ്യമന്ത്രി) എന്നെ അറിയില്ലെന്നാണ് പറഞ്ഞത്. ഇപ്പോൾ പുറത്തുവന്ന ചാറ്റുകളിൽ നിന്ന് എന്താണ് മനസിലാകുന്നത്. ഞാൻ മുഖ്യമന്ത്രിയുടെ വസതിയിൽ പേർസണലി പോയിട്ടുണ്ട്. ഒറ്റയ്ക്കിരുന്ന് സംസാരിച്ചിട്ടുണ്ട്. കോൺസുൽ ജനറലുമായും പോയി സംസാരിച്ചിട്ടുണ്ട്. ജോലിയുടെ കാര്യങ്ങൾ സംസാരിക്കാൻ ഒറ്റയ്ക്ക് പോയിട്ടുണ്ട്. ഇതൊക്കെ നിഷേധിക്കുന്നത് എന്തിനാണ്. നിയമസഭ പോലെ പുണ്യമായ സ്ഥലത്ത് വന്നിരുന്നു പച്ചക്കള്ളം പറയേണ്ട കാര്യം എന്താണ്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ഞാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു’-സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ജനങ്ങളോട് പച്ചക്കളം പറയുന്നത് എങ്ങനെ? അദ്ദേഹം പറയുന്നത് ശരിയാണെന്ന് തെളിയിക്കാൻ സി.സി.ടി.വി ദൃശ്യം പുറത്തുവിടട്ടെ. ജോലിക്കാര്യത്തിൽ ശിവശങ്കർ ഇടപെട്ടിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയശേഷമാണ്.
മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും ബിസിനസ് ആവശ്യത്തിനായി ഗൾഫിൽ വരെ പോയിട്ടുണ്ട്. ഒരുപാട് ബിസിനസ് ഡീലിങ് നടത്തി. യാത്രകൾ നടത്തി. ദുബായിൽ ഉൾപ്പെടെ പോയിട്ടുണ്ട്. സദസിൽ വന്നിരുന്ന് പച്ചക്കള്ളം വിളിച്ചുപറയുമ്പോൾ എല്ലാവരും മിണ്ടാതിരിക്കണോ? ഇതിന് തെളിവ് തരാം. പോയ തീയതി, വാഹനം രേഖകൾ എല്ലാം കൈയിലുണ്ട്. ഓരോന്നായി പുറത്തുവരണം. ജനങ്ങളോട് കള്ളം പറയരുത്.
അന്വേഷണ സംഘത്തിന് മുന്നിൽ എല്ലാ തെളിവുകളുമുണ്ട്. അതുകൊണ്ടാണ് അവർ ശരിയായ ദിശയിൽ പോകുന്നതെന്നും സ്വആപ്ന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.