കരുമാല്ലൂര്‍: ഇതര മതത്തിൽപെട്ട യുവാവിനെ പ്രണയിച്ചതിന് പിതാവ് വിഷം കുടിപ്പിച്ച പെൺകുട്ടിയുടെ നില അതിഗുരുതരം. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി. വെള്ളിയാഴ്ച മുതൽ തുടർച്ചയായി ഛർദിക്കുകയാണെന്നും ഈ നില തുടർന്നാൽ അപകട സാധ്യത ഏറെയാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ. സ്കൂളിലെ സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ ഒരു മാസമായി പിതാവും മകളുമായി വാക്തർക്കമുണ്ടായിരുന്നു. ഇരുവരുടെയും ബന്ധത്തെ പിതാവ് ശക്തമായി എതിർത്തിരുന്നു.
അതിനിടെ പെൺകുട്ടിയുടെ കൈയിൽനിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തതിനെ തുടർന്ന് രോഷാകുലനായ പിതാവ് കർട്ടൻ ഇടുന്ന പൈപ്പ് ഊരി മകളെ മർദിക്കുകയായിരുന്നു. തുടർന്ന് വായിൽ കളനാശിനി ഒഴിച്ചു. ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി തന്നെയാണ് ഈ വിധം മൊഴി നൽകിയത്. മാതാവും സഹോദരനും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. അറസ്റ്റിലായ പിതാവ് റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്. വ്യാഴാഴ്ച വൈകീട്ട് ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മകളെ ആക്രമിച്ചതും വിഷം നൽകിയതും ഭർത്താവാണെന്ന് ഇവർ മൊഴി നൽകിയതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.