കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ നിയമം ഭരണഘടന തന്നെയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഇതിൽ തന്നെ പൗരന്‍റെ മൗലികാവകാശത്തിന് വിരുദ്ധമായി നിയമനിർമാണ സഭകൾ പാസാക്കുന്ന നിയമങ്ങളുടെ പരിശോധന സംബന്ധിച്ച നിർദേശം ഉൾക്കൊള്ളുന്ന 13ാം അനുഛേദം ശക്തവും വ്യക്തവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) സംഘടിപ്പിച്ച ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അനുസ്മരണവും 'ജുഡീഷ്യറിയും ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശിലകളും' സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
13 മോശം സംഖ്യയാണെന്ന് പറയുമ്പോഴും ഭരണഘടന 13ന് നൽകുന്ന പ്രാധാന്യം തിരിച്ചറിയണം. രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഭരണഘടന. ഏതെങ്കിലും ഘട്ടങ്ങളിൽ ഇത് പരാജയപ്പെടുന്നുണ്ടെങ്കിൽ അത് ജനങ്ങൾ മോശമാകുന്നതുകൊണ്ടാണെന്നും ഭരണഘടന മോശമായതുകൊണ്ടല്ലെന്നും ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
ഭരണഘടന എന്നത് പൗരന്‍റെ അവകാശം സംരക്ഷിക്കുന്ന വാളും പരിചയുമാണെന്ന് അധ്യക്ഷത വഹിച്ച എഫ്.ഡി.സി.എ ചെയർമാൻ ജസ്റ്റിസ് കെ. സുകുമാരൻ പറഞ്ഞു. ഭരണഘടനയോടുള്ള പ്രതിബദ്ധതയുടെ കാര്യത്തിൽ ജസ്റ്റിസ് കൃഷ്ണയ്യരുടെ പൈതൃകം അവകാശപ്പെടാൻ യോഗ്യനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക മനുഷ്യാവകാശ അവാർഡ് മാധ്യമപ്രവർത്തകൻ ശശികുമാറിന് എഫ്.ഡി.സി.എ വൈസ് ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ സമ്മാനിച്ചു. 25,000 രൂപയും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്. മൗലികാവകാശത്തിനു വിരുദ്ധമായി മറ്റൊരു നിയമം നിലനിൽക്കില്ലെന്ന് പറയുമ്പോഴും പത്രസ്വാതന്ത്ര്യത്തിന് ആ പരിഗണന ഭരണഘടന നൽകുന്നില്ലെന്ന് ശശികുമാർ ചൂണ്ടിക്കാട്ടി.
എഫ്.ഡി.സി.എ ജനറൽ സെക്രട്ടറിയും മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്ററുമായ ഒ. അബ്ദുറഹ്മാൻ, എഫ്.ഡി.സി.എ സെക്രട്ടറി പ്രഫ. കെ. അരവിന്ദാക്ഷൻ, എക്സിക്യൂട്ടിവ് അംഗം സമദ് കുന്നക്കാവ് എന്നിവർ സംസാരിച്ചു. എഫ്.ഡി.സി.എ സെക്രട്ടറി ടി.കെ. ഹുസൈൻ സ്വാഗതവും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സുഹൈൽ ഹാഷിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.