കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ വിചാരണ കോടതി ഒരു മാസത്തെ സമയം അനുവദിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ കോടതിയെ അറിയിച്ച അന്വേഷണ സംഘം തുടരന്വേഷണം പൂർത്തിയാക്കാൻ ആറ് മാസത്തെ സമയമാണ് ആവശ്യപ്പെട്ടതെങ്കിലും അനുവദിച്ചില്ല. തുടരന്വേഷണം പൂർത്തിയാക്കി മാർച്ച് ഒന്നിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം.
2020 ജനുവരി 30 ന് വിചാരണ ആരംഭിച്ച കേസിൽ രണ്ട് വർഷമായി തീർപ്പ് കൽപ്പിക്കാനായിട്ടില്ല. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതുപോലെ അന്വേഷണത്തിന്റെ സ്വഭാവവും വസ്തുതകളും കണക്കിലെടുത്താണ് ഒരു മാസത്തെ സമയം അനുവദിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. രഹസ്യവിചാരണ നടക്കുന്ന കേസിന്റെ തുടരന്വേഷണത്തിലും രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകി.
സാക്ഷി വിസ്താരം പൂർത്തിയാക്കാനുള്ള നടപടികളുടെ ഭാഗമായി അന്വേഷണ സംഘത്തിന് ഇതുവരെ സമൻസ് നൽകാൻ കഴിയാതിരുന്ന രണ്ട് സാക്ഷികൾക്ക് ഡി.ജി.പി വഴി സമൻസ് നൽകാനും കോടതി ഉത്തരവിട്ടു. എറണാകുളം റൂറൽ എസ്.പി വഴി സമൻസ് നൽകാനാണ് ആദ്യം കോടതി നിർദേശിച്ചതെങ്കിലും അതിന് കഴിയാത്തതിനെത്തുടർന്നാണ് പുതിയ ഉത്തരവ്. കോടതി നിർദേശിച്ചിട്ടും രണ്ട് പ്രോസിക്യൂഷൻ സാക്ഷികൾക്ക് സമൻസ് നൽകാനുള്ള നടപടി സ്വീകരിക്കാതിരുന്നതിന്റെ കാരണം എസ്.പി ബോധിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ് ഈ മാസം അഞ്ചിന് വീണ്ടും പരിഗണിക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.