തിരുവനന്തപുരം: ബി.ജെ.പിയുമായി കൂട്ടുകൂടി ദേശീയനേതൃത്വം സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധിയിൽ ഗത്യന്തരമില്ലാതെ അടർന്നുമാറാനുറച്ച് ജെ.ഡി.എസ് കേരള ഘടകം. മറ്റു സംസ്ഥാന ഘടകങ്ങളുമായി മുതിർന്ന നേതാക്കൾ ആശയവിനിമയം തുടങ്ങിക്കഴിഞ്ഞു. ബി.ജെ.പിയുമായി കൈകോർത്തതു മാത്രമല്ല, കേരളഘടകത്തെ വെട്ടിലാക്കുന്ന പരാമർശങ്ങൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയിൽനിന്നും കുമാരസ്വാമിയിൽനിന്നുമുണ്ടായതാണ് കേരള ഘടകത്തെ ധർമസങ്കടത്തിലാക്കിയത്.
ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞെങ്കിലും സാങ്കേതികമായി അവരുടെ ഭാഗമായി തുടരുന്നതിലെ അനൗചിത്യം നേതൃത്വം സമ്മതിക്കുന്നുണ്ട്. താൽക്കാലികമായി പിന്തുണച്ചെങ്കിലും സി.പി.എമ്മും ആശയക്കുഴപ്പത്തിലാണ്. രണ്ടു തോണിയിൽ കാലൂന്നിയതിനു സമാന നിലപാടുമായി മുന്നോട്ടുപോകാനാവില്ലെന്ന് സി.പി.എം നേതൃത്വം ജെ.ഡി.എസിനെ ധരിപ്പിച്ചെന്നാണ് വിവരം. ലോക്സഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വിശേഷിച്ചും.
ഈ സാഹചര്യത്തിലാണ് രണ്ടും കൽപിച്ചുള്ള നീക്കത്തിന് കേരള ഘടകം ഒരുങ്ങുന്നത്. എൻ.ഡി.എയുമായി കൈകോർത്ത ദേവഗൗഡയുമായി ബന്ധം തുടരാനാവില്ലെന്ന് സംസ്ഥാന കമ്മിറ്റി നിലപാടെടുത്തിട്ടുണ്ടെന്നും കേരള ഘടകം അവർക്കൊപ്പമില്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു.
‘കഴിഞ്ഞ ദേശീയ സമിതിയിൽ അവരോട് യാത്ര പറഞ്ഞാണ് പോന്നത്. കുമാരസ്വാമിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടിയുള്ളതാണെന്നും’ കൃഷ്ണൻകുട്ടി പ്രതികരിച്ചു. സമാന്തരമായി മറ്റൊരു ജെ.ഡി.എസ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയാതെ അതിനെക്കുറിച്ചെല്ലാം സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് വിശദീകരിക്കുമെന്നായിരുന്നു കൃഷ്ണൻകുട്ടിയുടെ പ്രതികരണം.
രാഷ്ട്രീയ ശരിയിൽ ഉറച്ചുനിൽക്കാൻ കടുംനിലപാടിലേക്ക് കടക്കുമ്പോഴും മന്ത്രിയടക്കം രണ്ടു നിയമസഭാംഗങ്ങളുള്ള കേരളഘടകത്തിന് കൂറുമാറ്റ നിയമമടക്കം സങ്കേതിക പ്രശ്നങ്ങൾ കീറാമുട്ടിയായി മുന്നിലുണ്ട്. പുതിയ പാർട്ടി രൂപവത്കരിക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ നിരവധിയാണ്. ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞെങ്കിലും സംസ്ഥാന നേതാക്കളെ ഗൗഡ പുറത്താക്കിയിട്ടില്ല.
ബി.ജെ.പി സഖ്യകക്ഷിയായ പാർട്ടിയുടെ സംസ്ഥാന ഘടകത്തെ ഇടതുമുന്നണിയിൽ തുടരാൻ അനുവദിച്ചത് പിണറായിയുടെ മഹാമനസ്കതയാണെന്നു പറഞ്ഞു കേരള ഘടകത്തെ രാഷ്ട്രീയമായി വെട്ടിലാക്കുകയാണു ഗൗഡ ചെയ്തത്. മറ്റൊരു പാർട്ടിയിൽ ലയിക്കുന്നത് പോംവഴിയായി മുന്നിലുണ്ടെങ്കിലും സംഘടനവ്യക്തിത്വം കളഞ്ഞുകുളിച്ചുള്ള നീക്കത്തിന് നേതൃത്വം മുതിരുമോ എന്നു കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.