രാജ്യത്ത് ഇനി കോൺഗ്രസിന്റെ നാളുകൾ -കെ.സി വേണുഗോപാൽ

സുല്‍ത്താന്‍ ബത്തേരി: പാർട്ടിയുടെ മോശം കാലം കഴിഞ്ഞുവെന്നും രാജ്യത്ത് ഇനി കോണ്‍ഗ്രസിന്റെ നാളുകളാണെന്നും രാജ്യം എങ്ങിനെ മുന്നോട്ടുപോകണമെന്ന് കോൺഗ്രസാണ് ഇനി തീരുമാനിക്കുകയെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സുല്‍ത്താന്‍ബത്തേരി സപ്ത റിസോര്‍ട്ടില്‍ ചൊവ്വാഴ്ച തുടങ്ങിയ കെ.പി.സി.സി. ക്യാമ്പ് എക്‌സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2026ൽ കേരളത്തിൽ യു.ഡി.എഫ് സർക്കാർ, 2025ൽ തദ്ദേശസ്ഥാപനങ്ങളിലെ ഭരണം എന്നിവയാണ് ലക്ഷ്യം.

കേരളത്തിലും ഇനി കോൺഗ്രസിന്റെ നല്ല നാളുകളാണ്. അനൈക്യം ഇനി വെച്ചുപൊറുപ്പിക്കില്ല. പാര്‍ട്ടി വിട്ടുപോയവരെ ജനം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൈകാര്യംചെയ്തു. രാജ്യത്തെ ജനാധിപത്യം നിലനിര്‍ത്തണം, ഭരണഘടനയെന്ന ആത്മാവിനെ തൊട്ടുകളിക്കാന്‍ അനുവദിക്കില്ല. പ്രതിപക്ഷ വേട്ട നടത്തിയാണ് മോദി പത്ത് വര്‍ഷം ഭരണം കൈയാളിയത്. കേരളത്തിലേത് ജനങ്ങളില്‍ നിന്ന് അകന്ന സര്‍ക്കാറാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ലോക്‌സഭ വിജയം തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആവര്‍ത്തിക്കുമെന്ന് അധ്യക്ഷത വഹിച്ച കെ.സുധാകരന്‍ എം.പി പറഞ്ഞു.

വിഷന്‍ 2025 കെ.പി.സി.സി നയരേഖ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അവതരിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രനും രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജുവും ചേര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം നടത്തി. ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ സ്വാഗതവും വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ നന്ദിയും പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ ശശി തരൂര്‍ എം.പി, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് ബുധനാഴ്ചയും തുടരും. അതേസമയം, തൃശൂരിലെ തോൽവിക്ക് ശേഷം പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന കെ. മുരളീധരൻ ക്യാമ്പിന് എത്തിയില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം സുധീരൻ എന്നിവരും പങ്കെടുക്കുന്നില്ല. 

Tags:    
News Summary - The days of Congress are over in the country - KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.