ബസ്​ ഉടമയും സി.ഐ.ടി.യു ജീവനക്കാരും തമ്മിലുള്ള തർക്കത്തിൽ തീരുമാനമായില്ല, ചർച്ച തുടരും

കോട്ടയം: തിരുവാർപ്പിലെ ബസ്​ ഉടമയും സി.ഐ.ടി.യു ജീവനക്കാരും തമ്മിലുള്ള തർക്കത്തെ തുടർന്ന്​ ജില്ല ലേബർ ഓഫിസിൽ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ചൊവ്വാഴ്ച രാവിലെ 10.30ന് ചർച്ച തുടരും.

‘വെട്ടിക്കുളങ്ങര’ ബസിലെ സി.ഐ.ടി.യു ജീവനക്കാർക്ക്​ കൂട്ടിയ ശമ്പളം നൽകുന്നില്ല എന്ന പരാതിയാണ്​ ചർച്ചയിൽ ഉന്നയിച്ചത്​. എന്നാൽ, വരുമാനം കുറവായ ബസിലെ ജീവനക്കാർ ആയതുകൊണ്ടാണ്​ ശമ്പളം വർധിപ്പിക്കാൻ കഴിയാത്തതെന്ന്​ ബസുടമ രാജ്​മോഹൻ പറഞ്ഞു. ഇതിനു പരിഹാരമായി നാലു ബസുകളിലെയും ജീവനക്കാർക്ക്​ 15 ദിവസം വീതം റൊട്ടേഷൻ വ്യവസ്ഥയിൽ മാറിമാറി ജോലി ചെയ്യാൻ അവസരം നൽകാമെന്നും അതനുസരിച്ച്​ എല്ലാവർക്കും ശമ്പളം നൽകാനാവുമെന്നും രാജ്​മോഹൻ നിർദേശിച്ചു. ഈ നിർദേശത്തോട്​ യോജിച്ച സി.ഐ.ടി.യു, പാർട്ടി നേതൃത്വത്തോട്​ കൂടി ആലോചിക്കാൻ സമയം തേടി. ഇതോടെയാണ്​ ചൊവ്വാഴ്ച തുടർചർച്ചക്ക്​ തീരുമാനിച്ചത്​.

ബസ് ഉടമയെ കൂടാതെ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.എസ്​. സുരേഷ്, സി.ഐ.ടി.യു ജില്ല പ്രസിഡന്‍റും മോട്ടോർ തൊഴിലാളി യൂനിയൻ അംഗവുമായ പി.ജെ. വർഗീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു​. ചർച്ച ആശാവഹമായിരുന്നതായും ചൊവ്വാഴ്ച തീരുമാനം ഉണ്ടാവുമെന്നാണ്​ പ്രതീക്ഷയെന്നും സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്​ പറഞ്ഞു. അതേസമയം, സി.ഐ.ടി.യു പ്രവർത്തകർ ബസുടമയെ മർദിച്ചത് അംഗീകരിക്കാനാവില്ലെന്നും സംഭവത്തിൽ തങ്ങൾക്ക് കടുത്ത പ്രതിഷേധമുണ്ടെന്നുമാണ്​ കെ.എസ്​. സുരേഷ് പ്രതികരിച്ചത്​.

സ്വകാര്യ ബസിൽ കൊടി കുത്തി സി.ഐ.ടി.യു തുടങ്ങിയ സമരം ഞായറാഴ്ചയാണ്​ അവസാനിപ്പിച്ചത്​. തുടർന്ന്​ തൊഴിൽമന്ത്രി ഇടപെട്ടാണ്​​ ചർച്ച നടത്തിയത്​. ‘വെട്ടിക്കുളങ്ങര’ ബസുകൾ തിങ്കളാഴ്ചയും സർവിസ്​ നടത്തിയില്ല.

Tags:    
News Summary - The dispute between the bus owner and the CITU staff was not resolved in kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.