കൊച്ചി: ഡോക്ടറെ ഹണി ട്രാപിൽ കുടുക്കി പണം തട്ടിയ കേസിൽ യുവതി അടക്കം രണ്ടു പേർ അറസ്റ്റിൽ. എറണാകുളം തമ്മനം സ്വദേശി നസീമ (32), മരട് സ്വദേശി മുഹമ്മദ് അമീൻ (43) എന്നിവരാണ് പിടിയിലായത്. എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫൈസൽ എം.എസിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ നസീമ കടവന്ത്ര പുതിയ റോഡിൽ മുഴീക്കൽ വീട്ടിൽ വാടകക്കാണ് താമസിച്ചിരുന്നത്. എറണാകുളം സ്വദേശിയായ ഡോക്ടറെ ഫോണിലൂടെ സുഹൃത്ബന്ധം സ്ഥാപിക്കുകയും കടവന്ത്രയിലെ വാടക വീട്ടിലേക്ക് വിളിച്ച് വരുത്തി സ്വകാര്യ നിമിഷങ്ങൾ രണ്ടാം പ്രതിയുടെ സഹായത്തോടെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. പരാതിക്കരാനെ കാണിച്ച് ഭീഷണിപ്പെടുത്തി 5,44,000 രൂപ വാങ്ങുകയും പരാതിക്കാരന്‍റെ കാർ ബലമായി പിടിച്ചെടുത്ത് പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് ഡോക്ടർ എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. എറണാകുളം അസി. കമീഷണർ പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരവെ തൃപ്പൂണിത്തുറ ഭാഗത്തുളളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അമീനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇയാളിൽ നിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയായ സ്ത്രീയെയും കസ്റ്റഡിയിലെടുത്ത് ചോദ്യ ചെയ്തതിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും പരാതിക്കാരനിൽ നിന്ന് കവർച്ച ചെയ്ത പണം ഇരുവരും തുല്യമായി വീതിച്ചെടുത്തതായി സമ്മതിക്കുകയും ചെയ്തു. സബ്ബ് ഇൻസ്പെക്ടർ അജേഷ്. ജെ, ബാബു പി.എസ്, ബി. ദിനേഷ്, എസ്.സി.പി.ഒ പ്രമോദ് എസ്, സി.പി.ഒ ഡിനു കുമാർ, വിപിൻ, ഷെമി എം.എച്, ജോതി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.